Currency

പ്രവാസികള്‍ക്കു പ്രതീക്ഷയേകി പുതിയ ബജറ്റ് സര്‍വീസ്; എയര്‍ അറേബ്യ അബുദാബി സര്‍വീസ് തുടങ്ങുന്നു

സ്വന്തം ലേഖകന്‍Friday, October 18, 2019 1:12 pm
airarabia

ദുബായ്: മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷയേകി അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്‌സും ഷാര്‍ജയുടെ എയര്‍ അറേബ്യയും ചേര്‍ന്ന് ‘എയര്‍ അറേബ്യ അബുദാബി’ എന്ന പേരില്‍ ബജറ്റ് വിമാനസര്‍വീസ് തുടങ്ങുന്നു. ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തിയതിനെ തുടര്‍ന്നു യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഇത്തിഹാദുമായി കോഡ്‌ഷെയറിങ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തിയതു മൂലം കേരളമടക്കം ഇന്ത്യയുടെ വിവിധ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് ഇല്ലാതായത്. ജെറ്റ് എയര്‍വേയ്‌സ് ആഴ്ചയില്‍ 40 സര്‍വീസുകള്‍ വരെ നടത്തിയിരുന്നു. ഇതിനു പരിഹാരമെന്ന നിലയ്ക്കു കൂടിയാണ് എയര്‍ അറേബ്യയുമായി സഹകരിച്ച് ബജറ്റ് വിമാനസര്‍വീസ് ഇത്തിഹാദ് തുടങ്ങുന്നതെന്നു ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. കുറഞ്ഞനിരക്കില്‍ നാട്ടിലേക്കു യാത്രചെയ്യാനാകുമെന്നതും പ്രതീക്ഷ നല്‍കുന്നു. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നു കരുതുന്നു.

ഇത്തിഹാദ്, എയര്‍ അറേബ്യ അധികൃതര്‍ തിരഞ്ഞെടുക്കുന്നവരാകും പുതിയ കമ്പനിയുെട ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍. 2003ല്‍ തുടങ്ങിയ എയര്‍ അറേബ്യയ്ക്ക് 54 വിമാനങ്ങളാണുള്ളത്. 170 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ എയര്‍ അറേബ്യ നാളുകളായി താല്‍പര്യപ്പെടുന്നു. ഇതിനുള്ള ചര്‍ച്ചകള്‍ വ്യോമയാന മന്ത്രാലയവുമായി വിവിധഘട്ടങ്ങളില്‍ നടത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x