Currency

അയക്കൂറ മത്സ്യം പിടിക്കുന്നതിന് വ്യാഴാഴ്ച മുതല്‍ വിലക്ക്

സ്വന്തം ലേഖകന്‍Wednesday, August 14, 2019 7:14 pm
king-fish
Garshom-Norway-IC

ദോഹ: ഖത്തറില്‍ അയക്കൂറ (കിങ് ഫിഷ്) ഇനത്തില്‍പെട്ട കന്‍ആദ് മത്സ്യം പിടിക്കുന്നതിനുള്ള താല്‍ക്കാലിക വിലക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഒക്‌ടോബര്‍ 15 വരെ രണ്ടു മാസത്തേക്കാണ് അയക്കൂറ മീന്‍ പിടിക്കുന്നതിന് നിരോധനം. ഇതുസംബന്ധിച്ച ഉത്തരവ് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. പ്രജനനകാലത്ത് മത്സ്യബന്ധനം നടത്തുന്നത് ഈ മത്സ്യത്തിന്റെ നിലനില്‍പിന് ഭീഷണിയാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്ക്.

കന്‍ആദ് മത്സ്യങ്ങളെ പിടിക്കുന്നതിന് ജി.സി.സി അഗ്രികള്‍ചറല്‍ കമ്മിറ്റിയും ഈ മാസങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധിത കാലയളവില്‍ കന്‍ആദ് മത്സ്യത്തെ വല ഉപയോഗിച്ചോ മറ്റോ പിടിക്കുന്നതിനോ കച്ചവടം നടത്തുന്നതിനോ അനുമതിയുണ്ടായിരിക്കില്ല. ഈ മത്സ്യം പിടിക്കാന്‍ ഉപയോഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകയിനം വലയുടെ വില്‍പനയും ഈ മാസങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.

നിരോധിത കാലയളവില്‍ മത്സ്യബന്ധനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി പരിശോധകരുടെ പ്രത്യേക സംഘത്തെ നിയോഗിക്കും. നിയമലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയരാക്കും. അതേസമയം ഗവേഷണ ആവശ്യങ്ങള്‍ക്കുവേണ്ടി മത്സ്യബന്ധനം നടത്തുന്നതിന് ലൈസന്‍സ് ലഭിച്ചിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുണ്ടായിരിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x