തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്റെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോര്‍ക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷന്‍) പദ്ധതി നടത്തിപ്പിന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമായി ധാരണാപത്രം ഒപ്പുവച്ചു.
വിദേശ രാജ്യങ്ങളില്‍ മരിക്കുകയും ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ മറ്റു സഹായം ലഭ്യമാകാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക റൂട്ട്സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന മരിച്ച പ്രവാസി മലയാളികളുടെ വീടുകളില്‍ സൗജന്യമായി എത്തിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയിന്‍ കീഴില്‍ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഫാറവും വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org ല്‍ ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം), നമ്പരുകളില്‍ നിന്നും ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.