Currency

ഒമാനിലെ വിദേശി ജനസംഖ്യയില്‍ കുറവ്

സ്വന്തം ലേഖകന്‍Wednesday, June 12, 2019 4:29 pm
oman0

മസ്‌കത്ത്: ഒമാനിലെ വിദേശി ജനസംഖ്യ 20 ലക്ഷത്തില്‍ താഴെയെത്തി. ജൂണ്‍ 10 വരെയുള്ള കണക്കനുസരിച്ച് 1,997,763 വിദേശികളാണ് രാജ്യത്തുള്ളതെന്ന് ദേശീയ സ്ഥിതിവിവര കണക്കുകള്‍ പറയുന്നു. വിദേശ തൊഴിലാളികള്‍ക്കുപുറമെ തൊഴില്‍ വിസ, ഫാമിലി ജോയിനിങ്, നിക്ഷേപ വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ തുടങ്ങി വിവിധ വിസ ഭാഗങ്ങളില്‍ രാജ്യത്ത് താമസാനുമതിയുള്ളവരുടെ മൊത്തം എണ്ണമാണിത്.

2016 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് രാജ്യത്തെ വിദേശി ജനസംഖ്യ 20 ലക്ഷത്തില്‍ താഴെയെത്തുന്നത്. ജൂണ്‍ 10 വരെയുള്ള കണക്കനുസരിച്ച് 26.51 ലക്ഷം സ്വദേശികളും രാജ്യത്തുണ്ട്. മൊത്തം ജനസംഖ്യയുടെ 42.90 ശതമാനമാണ് രാജ്യത്തെ വിദേശികളുടെ എണ്ണം. കഴിഞ്ഞവര്‍ഷം ജൂണ്‍ 10ന് 20.54 ലക്ഷം അഥവാ മൊത്തം ജനസംഖ്യയുടെ 44.40 ശതമാനമായിരുന്നു വിദേശികളുടെ എണ്ണം. 2017 ജൂണ്‍ പത്തിനാകട്ടെ ഇത് 20.92 ലക്ഷവുമായിരുന്നു.

സ്വദേശിവത്കരണ നയങ്ങള്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്നാണ് വിദേശികളുടെ എണ്ണത്തില്‍ പ്രകടമായ കൊഴിഞ്ഞുപോക്ക് ദൃശ്യമായത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ എന്‍ജിനീയര്‍മാരുടെത് അടക്കം 87 തസ്തികകളില്‍ താല്‍ക്കാലിക വിസ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് പിന്നീടുള്ള ഓരോ ആറുമാസവും പുതുക്കിവരുകയാണ്. സെയില്‍സ്, മാര്‍ക്കറ്റിങ് പ്രഫഷനലുകളുടെ തസ്തികയില്‍ 2013 അവസാനം മുതല്‍ ഏര്‍പ്പെടുത്തിയ വിസ വിലക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ട്.

വിവിധ മാനേജ്മന്റെ് തസ്തികകളിലും അഡ്മിനിസ്‌ട്രേറ്റിവ്, ക്ലറിക്കല്‍ വിഭാഗങ്ങളിലും ഏര്‍പ്പെടുത്തിയ വിസ നിരോധമാണ് സ്വദേശിവത്കരണം കര്‍ക്കശമാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഒടുവിലത്തേത്. ഇതും മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന്റെ കൂടുതലായുള്ള കൊഴിഞ്ഞുപോക്കിന് വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x