Currency

പ്രവാസി സഹകരണസംഘങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായം; പദ്ധതിക്ക് തുടക്കം

സ്വന്തം ലേഖകന്‍Thursday, October 31, 2019 12:16 pm
norka-roots

മനാമ: നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. പ്രവാസം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്.

മൂന്നുലക്ഷം രൂപവരെയാണ് ധനസഹായം. സഹകരണ സംഘങ്ങളുടെ, അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരുലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ടുലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷനുശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. ബൈലയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.

പൊതുജനതാല്‍പര്യമുള്ള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മത്സ്യമേഖല, മൂല്യവര്‍ധിത ഉല്‍പന്നനിര്‍മാണം, സേവനമേഖല, നിര്‍മാണമേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ നിലവിലുള്ള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനോ ആണ് രണ്ടുലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍ക്കോ, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കോ ആണ് ധനസഹായം നല്‍കുക.

അപേക്ഷ ഫോറം നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യരേഖകളായ ഭരണസമിതി തീരുമാനം, പദ്ധതിരേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2019 നവംബര്‍ 30നകം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, നോര്‍ക്ക റൂട്ട്സ്, 3ാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org. ലും 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തുനിന്നും മിസ്ഡ്കാള്‍ സേവനം) ടോള്‍ഫ്രീ നമ്പറിലും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x