Currency

തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പുതിയ കുടിയേറ്റ നിയമവുമായി ജര്‍മനി

സ്വന്തം ലേഖകന്‍Thursday, November 22, 2018 1:19 pm
germany

ബര്‍ലിന്‍: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് പുതിയ കുടിയേറ്റ നിയമം ജര്‍മനി തയാറാക്കുന്നു. ഇതിന്റെ കരട് രൂപം പൂര്‍ണമായി. ജര്‍മന്‍ സമൂഹവുമായി ചേര്‍ന്നു പോകാന്‍ സാധിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്ത് സ്ഥിര താമസത്തിന് അവസരം നല്‍കുക കൂടി ചെയ്യുന്ന തരത്തിലാണ് പുതിയ നിയമം വിഭാവനം ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് മറ്റു മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കു നല്‍കിക്കഴിഞ്ഞു.

ജര്‍മനി നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇതുപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം, വിദേശത്തു നിന്നുള്ളവര്‍ക്ക് ഇതുവഴി ജര്‍മനിയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ തുറന്നു കിട്ടുകയും ചെയ്യും. വിദേശികളെന്ന നിലയില്‍, യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്ന രീതിയും ഇതില്‍ അനുവര്‍ത്തിക്കുന്നില്ല. ജര്‍മനിയില്‍ നിന്നോ യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നോ ഒരു തൊഴിലാളിയേയും ലഭിക്കുന്നില്ലെങ്കില്‍ മാത്രം യൂറോപ്പിനു പുറത്തു നിന്നു റിക്രൂട്ട് ചെയ്യാം എന്ന മാനദണ്ഡം എടുത്തു കളയുന്നതാണ് നിയമത്തിലെ കാതലായ വ്യത്യാസം.

കെയര്‍, ഐടി, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് തുടങ്ങി നിരവധി അവസരങ്ങളുള്ള മേഖലകള്‍ മാത്രം യൂറോപ്യന്‍ യൂണിയനു പുറത്തുള്ളവര്‍ക്ക് തുറന്നു കിട്ടുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ പുതിയ നിയമത്തിലൂടെ ഇല്ലാതാകും. കൂടുതല്‍ വിശാലമായി തൊഴില്‍ വിപണി വിദേശികള്‍ക്കു മുന്നില്‍ തുറന്നു കിട്ടുകയാണ് ചെയ്യുക. പാചകം, മെറ്റലര്‍ജി, ഐടി, ബില്‍ഡിംഗ് മേഖലകളിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി അന്വേഷിക്കാന്‍ മാത്രമായി ആറു മാസത്തെ വീസ അനുവദിക്കാനുള്ള വ്യവസ്ഥയും വിദേശികള്‍ക്ക് ഗുണം ചെയ്യും.

ഒരു പതിറ്റാണ്ടുകാലം ഭരണപ്രതിപക്ഷഭേദമെന്യേ നിലനിന്ന തര്‍ക്കം അവസാനിപ്പിക്കാനാണ് പുതിയ കുടിയേറ്റ നിയമംകൊണ്ട് മെര്‍ക്കലിന്റെ വിശാല മുന്നണി ലക്ഷ്യമാക്കുന്നത്. കാനഡയിലെപോലെ സ്‌കോറിംഗ് സംവിധാനമായ ഒരു ഇമിഗ്രേഷന്‍ നിയമം ഇവിടെ ആവശ്യമില്ലെന്ന തിരുമാനമാണ് ഇപ്പോള്‍ സര്‍ക്കാരിനെയും ഇതിനു പ്രേരിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x