Currency

ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങള്‍ പൊതുമേഖലാ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു

സ്വന്തം ലേഖകന്‍Tuesday, June 18, 2019 10:47 pm
citizen

ഓസ്ട്രേലിയ: ന്യൂ സൗത്ത് വെയില്‍സില്‍ പൊതുമേഖലയ്ക്കുള്ള ഫണ്ടില്‍ 3.2 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കുമെന്നും സംസ്ഥാനത്തെ മൊത്തം പൊതുമേഖലാ ജീവനക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും ട്രഷറര്‍ ഡൊമിനിക് പെറോറ്റെറ്റ് അറിയിച്ചു. നിലവില്‍ 330,000ഓളം ജീവനക്കാരാണ് സംസ്ഥാനത്ത് പൊതുമേഖലയിലുള്ളത്. ഫലത്തില്‍ 2000 മുതല്‍ 3000 വരെ പേര്‍ക്ക് സംസ്ഥാനത്ത് ജോലി നഷ്ടമാകും. ചൊവ്വാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ന്യൂ സൗത്ത് വെയില്‍സും സൗത്ത് ഓസ്ട്രേലിയയും ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന വിഭാഗങ്ങളില്‍ ജീവനക്കാരെ കുറയ്ക്കില്ലെന്നും, ബാക്ക്-എന്റ് സേവനങ്ങള്‍ അഥവാ ഭരണനിര്‍വഹണ മേഖലകളിലായിരിക്കും ജോലികള്‍ വെട്ടിക്കുറയ്ക്കുക എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലോംഗ് സര്‍വീസ് ലീവും, ചില ബോണസുകളും വെട്ടിക്കുറയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പത്തു വര്‍ഷം സര്‍വീസുള്ളവര്‍ക്ക് അഞ്ചു മാസത്തെ ലോംഗ് സര്‍വീസ് ലീവ് നല്‍കിയിരുന്നത് ഇനി മുതല്‍ മൂന്നു മാസമായി കുറയ്ക്കും. ജൂലൈ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കുന്ന പുതിയ ജീവനക്കാര്‍ക്കു മാത്രമായിരിക്കും ഇത് ബാധകം. നിലവിലുള്ള ജീവനക്കാര്‍ക്ക് ഈ ആനുകൂല്യത്തില്‍ മാറ്റമുണ്ടാകില്ല.

ഇതോടൊപ്പമാണ് സൗത്ത് ഓസ്ട്രേലിയയും പൊതുമേഖലാ ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. 1500ലേറെ തസ്തികകള്‍ ഇല്ലാതാക്കുമെന്ന് ട്രഷറര്‍ റോബ് ലൂക്കാസ് ബജറ്റില്‍ വ്യക്തമാക്കി. ഓഫീസ് ഭരണ മേഖലയിലുള്ളവര്‍ക്ക് തന്നെയാകും സൗത്ത് ഓസ്ട്രേലിയയിലും ജോലി നഷ്ടമാകുക.അതേസമയം, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പൊലീസുകാര്‍ എന്നിവരെയൊന്നും ഈ തീരുമാനം  ബാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

വിക്ടോറിയയിലും പൊതുമേഖലാ ഫണ്ടിംഗില്‍ 1.8 ബില്യണ്‍ ഡോളറിന്റെ കുറവു വരുത്തും എന്നാണ് ബജറ്റ് പ്രഖ്യാപനം. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് ചെലവു കുറയ്ക്കാനുള്ള അവസാന മാര്‍ഗ്ഗം മാത്രമായിരിക്കും എന്നാണ് കഴിഞ്ഞ മാസത്തെ ബജറ്റില്‍ സര്‍ക്കാര്‍ അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x