Currency

ഹജ്ജ്: കേരളത്തില്‍നിന്ന് 1749 പേര്‍ക്ക് കൂടി അവസരം

സ്വന്തം ലേഖകന്‍Friday, April 19, 2019 3:43 pm
hajj
GCU Matter

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്ന് 1749 പേര്‍ക്ക് കൂടി അവസരം. സൗദി ഇന്ത്യക്ക് പുതുതായി അനുവദിച്ച ക്വോട്ടയില്‍ നിന്ന് 1632 പേര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്ര റദ്ദാക്കിയതിലൂടെ 117 പേര്‍ക്കുമാണ് അവസരം ലഭിച്ചത്. കാത്തിരിപ്പ് പട്ടികയില്‍ 648 മുതല്‍ 2402 വരെയുള്ളവരാണ് പുതുതായി അവസരം ലഭിച്ചവര്‍. ഇതോടെ ഈ വര്‍ഷം കേരളത്തില്‍നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണം 13,894 ആയി വര്‍ധിച്ചു.

അവസരം ലഭിച്ചവര്‍ ആദ്യഗഡുവായ 2,01,000 രൂപ അടച്ചതിന്റെ പേ-ഇന്‍ സ്ലിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഫോട്ടോ എന്നിവ സഹിതം മേയ് രണ്ടിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. മേയ് ഒമ്പതിനാണ് അവസരം ലഭിച്ചവരുടെ രേഖകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നല്‍കേണ്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട വര്‍ധിപ്പിച്ചിരുന്നു. 1,75,025 ആയിരുന്ന ക്വോട്ട രണ്ട് ലക്ഷമായാണ് വര്‍ധിപ്പിച്ചത്.

പുതുതായി ലഭിച്ച 24,975ല്‍ 14,975 സീറ്റുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ബാക്കിയുള്ളവ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമാണ് അനുവദിച്ചത്. ഇതോടെ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട 50,000 എന്നത് 60,000 ആകും. പുതിയ ക്വോട്ട കൂടി ലഭിച്ചതോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സീറ്റുകള്‍ 1,40,000 ആയി വര്‍ധിച്ചു.

നേരത്തേ 1,25,025 ആയിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ട. പുതിയ ക്വോട്ടയില്‍ മഹാരാഷ്ട്രക്കും (2,387) ഉത്തര്‍പ്രദേശിനുമാണ് (2,154) കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. മൂന്നാംസ്ഥാനത്താണ് കേരളം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x