Currency

ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍Friday, May 3, 2019 1:51 pm
aus
Garshom-Norway-IC

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനവെന്ന് ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍. 2016ലെ സെന്‍സസിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരുടെ എണ്ണത്തിന്റെ പുതിയ കണക്കുകള്‍ പുറത്തുവിടുന്നത്.

2018 ജൂണിലെ കണക്കുകള്‍ പ്രകാരം 592,000 ഇന്ത്യക്കാരാണ് ഇപ്പോള്‍ ഓസ്ട്രേലിയയിലുള്ളത്. 2016ലെ സെന്‍സസ് അനുസരിച്ച് ഓസ്ട്രേലിയയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 455,389 ആയിരുന്നു. നിലവിലെ കണക്ക് പ്രകാരം 30 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഓസ്ട്രേലിയയിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ഇംഗ്ലണ്ടും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഏതാണ്ട് ആറരലക്ഷം ചൈനക്കാരാണ് ഇപ്പോള്‍ ഓസ്ട്രേലിയയിലുള്ളത്.

കുടിയേറ്റത്തില്‍ വര്‍ദ്ധനവ് വന്നതോടെ ഓസ്ട്രേലിയയിലെ മൊത്തം എഴുപതു ലക്ഷം വരുന്ന ജനസംഖ്യയില്‍ 2.4 ശതമാനം ഇന്ത്യക്കാരാണ്. ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 2016 മുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 2017-18 കാലയളവില്‍ 33,310 ഇന്ത്യക്കാരാണ് സ്ഥിരതാമസത്തിനായി ഓസ്ട്രേലിയയിലെത്തിയത്.

ഇതിനു പുറമെ, ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പഠിക്കാനെത്തിയവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ അപേക്ഷിച്ച് 2018ലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്കെത്തിയത്.

2016 ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ഓസ്‌ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 53,206 മലയാളികളാണ് സെന്‍സസ് പ്രകാരം ഓസ്‌ട്രേലിയയിലുള്ളത്. 2011 ലെ സെന്‍സസ് പ്രകാരം 25,111 ആയിരുന്നു ഓസ്‌ട്രേലിയയിലെ മലയാളി ജനസംഖ്യ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x