ഷാര്‍ജ: കൊലക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഷാര്‍ജ ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ഡോ. എസ്.പി. സിങ് ഒബ്‌റോയിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പഞ്ചാബ് കപൂര്‍തല സ്വദേശി സന്ദീപ് സിങിന് ജീവിതം തിരികെ ലഭിച്ചത്. 2007 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്വന്തം നാട്ടുകാരനായ മന്‍ദീപ് സിങിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഷാര്‍ജ കോടതി വിധിച്ച വധശിക്ഷ പിന്നീട് ഫെഡറല്‍ കോടതിയും ശരിവച്ചു.
മരിച്ചയാളുടെ കുടുംബം ദിയാധനം സ്വീകരിച്ച് പ്രതിക്ക് മാപ്പ് നല്‍കാന്‍ തയാറല്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ മരിച്ചുപോയ സന്ദീപിനു വേണ്ടി ‘സര്‍ബത് ദാ ബലാ’ ചാരിറ്റബിള്‍ ട്രസ്റ്റ് മേധാവിയായ ഒബ്‌റോയി വീട്ടിലെത്തി നടത്തിയ സംഭാഷണം ഫലം കണ്ടു. മരിച്ചയാളുടെ കുടുംബം മാപ്പു നല്‍കാന്‍ സമ്മതിച്ചെങ്കിലും രേഖകള്‍ ശരിപ്പെടുത്താന്‍ പിന്നെയും വേണ്ടിവന്നു നീണ്ട ആറു വര്‍ഷം. ഒത്തുതീര്‍പ്പ് സംബന്ധിച്ച രേഖകള്‍ 2013ല്‍ ഷാര്‍ജ കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ചു. ഈ രേഖകളില്‍ ചില ഭേദഗതികള്‍ ആവശ്യപ്പെട്ട സുപ്രീം കോടതി 2018 ഏപ്രിലില്‍ ഇവ വീണ്ടും നല്‍കാന്‍ ആവശ്യപ്പെട്ടു.
അതേ മാസം തന്നെ ഇയാളുടെ ശിക്ഷ മൂന്ന് വര്‍ഷമാക്കാന്‍ ഷാര്‍ജ അപ്പീല്‍ കോടതിയും നിര്‍ദേശിച്ചു. എല്ലാ കടമ്പകളും കടന്ന് ജൂലൈ 22 നാണ് വിടുതല്‍ ഉത്തരവ് വന്നത്. സന്ദീപിന് യാത്രചെയ്യാനുള്ള രേഖകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.