കുവൈത്ത് സിറ്റി: ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി കുവൈത്ത് പുതിയ കരാറുണ്ടാക്കുന്നു. ബലി പെരുന്നാള്‍ അവധിക്കു ശേഷമാകും കരാര്‍ നടപടികള്‍ ആരംഭിക്കുക. ഇതിനായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ബലി പെരുന്നാളിന് ശേഷം കൂടുതല്‍ ഗാര്‍ഹികത്തൊഴിലാളികള്‍ കുവൈത്തിലെത്തുമെന്ന സൂചനയാണ് തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് പങ്കു വെച്ചത്. ഇലക്ട്രോണിക് സംവിധാനം വഴി വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് പ്രാബല്യത്തിലാവുന്നതോടെ സ്പോണ്സര്മാര്ക്ക് ഇഷ്ടമുള്ള രാജ്യത്തുനിന്ന് ഇഷ്ടമുള്ള പ്രായവിഭാഗത്തിലുള്ള വേലക്കാരികളെ തെരഞ്ഞെടുക്കാവുന്നതാണ്.
ഫിലിപ്പൈന്‍സുമായി പുതുക്കിയ ഗാര്ഹികത്തൊഴിലാളികരാറില് അടുത്തിടെ കുവൈത്ത് ഒപ്പു വെച്ചിരുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും തൊഴില്‍ സുരക്ഷക്കും മുന്‍തൂക്കം നല്‍കുതായിരുന്നു കരാര്‍ ഇതേ മാതൃകയില്‍ ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായും കരാറുണ്ടാക്കാനാണ് കുവൈത്തിന്റെ നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.