Currency

സിഡ്നിയില്‍ ജല ഉപയോഗത്തിന് പുതിയ നിയന്ത്രണങ്ങള്‍; ഹോസ് ഉപയോഗിക്കാന്‍ പാടില്ല, ലംഘിച്ചാല്‍ പിഴ

സ്വന്തം ലേഖകന്‍Tuesday, November 26, 2019 1:29 pm
water-restriction

സിഡ്നി: കനത്ത വരള്‍ച്ചയും, മഴയുടെ അഭാവവും കാരണം സിഡ്‌നി ഉള്‍പ്പെടെ ന്യൂ സൗത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും ജലോപയോഗത്തിന് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഡിസംബര്‍ 10 മുതല്‍ ലെവല്‍ 2 എന്ന തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് കൊണ്ടുവരുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ തുടരുന്ന വരള്‍ച്ച കാരണം മേയ് അവസാനത്തോടെ ലെവല്‍ ഒന്ന് എന്ന തലത്തിലെ ജല ഉപയോഗ നിയന്ത്രണങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ വരള്‍ച്ച കൂടുതല്‍ രൂക്ഷമായതോടെയാണ് നിയന്ത്രണം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിഡ്നി ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ സിഡ്നി മേഖലയിലും, ഇല്ലവാര, ബ്ലൂ മൗണ്ടന്‍ മേഖലകളിലുമായിരിക്കും ലെവല്‍ 2 നിയന്ത്രണം.

ലെവല്‍ 2 ലെ പ്രധാന നിയന്ത്രണങ്ങള്‍ ഇവയാണ്:

1. രാവിലെ 10 മണിക്കുമുമ്പോ, വൈകിട്ട് നാലു മണിക്ക് ശേഷമോ മാത്രമേ ചെടി നനയ്ക്കാന്‍ പാടുള്ളൂ. അതും ഹോസ് ഉപയോഗിച്ച് പാടില്ല. ബക്കറ്റോ, ക്യാനോ ഉപയോഗിക്കണം

2. സ്മാര്‍ട്ട്/ഡ്രിപ് ഇറിഗേഷന്‍ സംവിധാനം ഉണ്ടെങ്കില്‍ 15 മിനിട്ട് നേരം ഉപയോഗിക്കാം. അതും 10 മണിക്കു മുമ്പോ നാലു മണിക്കു ശേഷമോ മാത്രം

3. കട്ടിയേറിയ പ്രതലകങ്ങള്‍ (കോണ്‍ക്രീറ്റ് ഡ്രൈവ് വേ പോലുള്ളവ) ഹോസ് ഉപയോഗിച്ച് കഴുകാന്‍ പാടില്ല (അടിയന്തര സാഹചര്യങ്ങളില്‍ ഇളവ് ലഭിക്കും.)

4. കാര്‍ കഴുകാന്‍ ഹോസ് ഉപയോഗിക്കരുത്. ബക്കറ്റും സ്പോഞ്ചും ഉപയോഗിച്ച് മാത്രം. അല്ലെങ്കില്‍ കാര്‍ വാഷ് കേന്ദ്രങ്ങളെ സമീപിക്കുക. 5. സ്വിമ്മിംഗ് പൂളുകളില്‍ വെള്ളം നിറയ്ക്കണമെങ്കില്‍ പ്രത്യേക പെര്‍മിറ്റ് വേണം

6. പൂളിലെ വെള്ളം ചൂടുകൊണ്ട് കുറഞ്ഞാല്‍ പരമാവധി 15 മിനിട്ട് മാത്രം വെള്ളം നിറയ്ക്കാം.

സാധാരണ രീതിയില്‍ ഡാമുകളിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 40 ശതമാനം ആകുമ്പോഴാണ് ലെവല്‍ 2 നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ വരള്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 45 ശതമാനമാകുമ്പോള്‍ തന്നെ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം.

ലംഘിച്ചാല്‍ പിഴ:

ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴയീടാക്കുമെന്ന് സിഡ്നി വോട്ടര്‍ വ്യക്തമാക്കി. വ്യക്തികള്‍ക്ക് 220 ഡോളറും ബിസിനസുകള്‍ക്ക് 550 ഡോളറുമായിരിക്കും പിഴ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x