Currency

മുശൈരിബ് ഡൗണ്‍ടൗണ്‍ ഭാഗികമായി തുറന്നു Close

സ്വന്തം ലേഖകന്‍Wednesday, April 3, 2019 12:50 pm
down

ദോഹ: മുശൈരിബ് ഡൗണ്‍ടൗണ്‍ ഭാഗികമായി തുറന്നു. 90ശതമാനത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതോടെയാണിത്. ഭൂമിക്കടിയില്‍ ഒരു ചെറു ദോഹ നഗരം രൂപപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി. 2000 കോടി റിയാല്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഡൗണ്‍ടൗണ്‍ വിനോദസഞ്ചാരികള്‍ക്കും വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കും.

പദ്ധതിയൊട്ടാകെ വിവിധ ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. 2020 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കും. മുശൈരിബ് ഡൗണ്‍ടൗണില്‍ ഓഫിസുകള്‍ക്കു പുറമേ പൊതുസ്ഥലങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പൊതുസ്ഥലത്തായി തയാറാക്കുന്ന നഗര മജ്‌ലിസാണ് പ്രധാന ആകര്‍ഷണം.

ഇതിനു പുറമെ ലൈറ്റ് ഇന്‍സ്റ്റലേഷന്‍സ്, വെള്ളച്ചാട്ടവും ജലധാരയും, ശീതീകരിച്ച ഇടനാഴി തുടങ്ങിയവയും സജ്ജമാക്കുന്നുണ്ട്. ഇവയുടെ സമീപത്തായി 19,000 സ്‌ക്വയര്‍ മീറ്ററില്‍ സാംസ്‌കാരിക കെട്ടിട സമുച്ചയമാണ്. രണ്ട് ആര്‍ട്ട് ഹൗസ് സിനിമാ ശാലകള്‍, പെര്‍ഫോമിങ് ആര്‍ട്‌സ് തീയറ്റര്‍, എക്‌സിബിഷന്‍ സെന്റര്‍, സംഗീത, കലാ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും. ഇതിനു പുറമേ 158 മുറികളുള്ള മന്ദാരിന്‍ ഓറിയന്റല്‍ ഹോട്ടലുമുണ്ടാകും. 100 വിവിധോദ്ദേശ്യ കെട്ടിടങ്ങള്‍, 800 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, 300ലധികം റീട്ടെയ്ല്‍ യൂണിറ്റുകള്‍, നാലു ഹോട്ടലുകള്‍ ഉള്‍പ്പടെ 17 വാണിജ്യ കെട്ടിടങ്ങള്‍, സ്‌കൂള്‍, മൂന്നു പള്ളികള്‍, മുശൈരിബ് മ്യൂസിയംസ്, ഗലേരിയ മാള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഡൗണ്‍ടൗണ്‍.

ഡൗണ്‍ടൗണിലെ ബഹുഭൂരിപക്ഷം യൂണിറ്റുകളും സൗകര്യങ്ങളും ഇതിനകം റിസര്‍വ് ചെയ്യപ്പെട്ടിട്ടുണ്ട്. താമസക്കാര്‍ക്കും, പ്രാദേശിക, വിദേശ സന്ദര്‍ശകര്‍ക്കും നൂതനമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ഡൗണ്‍ടൗണ്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x