Currency

ഓസ്ട്രേലിയയില്‍ $10,000ല്‍ കൂടുതല്‍ പണമായി നല്‍കിയാല്‍ ജയില്‍ ശിക്ഷ; നിയമനിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍

സ്വന്തം ലേഖകന്‍Saturday, August 24, 2019 3:28 pm
currency

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ സാധനങ്ങള്‍ വാങ്ങാനോ സേവനകള്‍ക്കായോ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഒറ്റ ഇടപാടില്‍ 10,000 ഡോളറിലധികം പണമായി നല്‍കിയാല്‍ ജയില്‍ ശിക്ഷ ലഭിക്കാവുന്ന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം നടത്താന്‍ ഒരുങ്ങുകയാണ് മോറിസണ്‍ സര്‍ക്കാര്‍. ബില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ഒറ്റ ഇടപാടില്‍ 10,000 ഡോളറിലധികം പണമായി നല്‍കുന്നത് കുറ്റകരമാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്താനുള്ള പദ്ധതി 2018-19 ഫെഡറല്‍ ബജറ്റിലാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആദ്യം പ്രഖ്യാപിച്ചത്. കള്ളപണമിടപാടുകള്‍ക്ക് കടിഞ്ഞാണിടുക, നികുതി വെട്ടിപ്പ് തടയുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് നിയമം.

നിയമം നിലവില്‍ വന്നാല്‍ സാധനങ്ങള്‍ വാങ്ങുന്നതിനും സേവനങ്ങള്‍ നടത്തുന്നതിനും പതിനായിരം ഡോളറിലധികം പണമായി ഇടപാടുകള്‍ നടത്തുന്നത് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും $25,200 ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാകും. ഇതില്‍ പണം നല്‍കുന്നയാളും സ്വീകരിക്കുന്നയാളും കുറ്റക്കാരാകുമെന്നതാണ് നിയമം.

ഇത്തരം സാമ്പത്തിക ഇടപാടുകള്‍ ചെക്കായോ ഇലക്ട്രോണിക്ക് ആയോ നടത്തണം. ABN ഉള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാകുന്നത്. എന്നാല്‍ ABN ഇല്ലാത്ത വ്യക്തികള്‍ തമ്മില്‍ നടത്തുന്ന ഇടപാടുകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസായാല്‍ 2020 ജനുവരി ഒന്നിന് നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് വണ്‍ നേഷന്‍ പാര്‍ട്ടി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x