Currency

ഗിന്നസ് നേട്ടത്തിനു പിന്നാലെ ഷാര്‍ജ പുസ്തകമേളയ്ക്ക് സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോര്‍ഡ്

സ്വന്തം ലേഖകന്‍Monday, November 11, 2019 1:37 pm
book-fest

ഷാര്‍ജ: ഗിന്നസ് നേട്ടത്തില്‍ ഖ്യാതി നേടിയ 38ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോര്‍ഡ്. 11 ദിവസം നീണ്ടുനിന്ന മേളയിലെ ആകെ സന്ദര്‍ശകരുടെ എണ്ണം 20 ലക്ഷത്തിലേറെയെന്ന് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി അധികൃതര്‍ പറഞ്ഞു.

‘തുറന്ന പുസ്തകങ്ങളും തുറന്ന മനസുകളും’ എന്നായിരുന്നു ഇപ്രാവശ്യത്തെ പ്രമേയം. സാഹിത്യ നൊബേല്‍ ജേതാവും തുര്‍ക്കി എഴുത്തുകാരനുമായ ഒര്‍ഹാന്‍ പാമുക് മുഖ്യ ആകര്‍ഷണമായിരുന്ന മേളയില്‍ ആകെ ഇന്ത്യയടക്കം 81 രാജ്യങ്ങളില്‍ നിന്ന് 2,000 പ്രസാധകര്‍ പങ്കെടുത്തു. ഈ മാസം ഏഴിനായിരുന്നു ഏറ്റവുമധികം എഴുത്തുകാര്‍ ഒരേ സ്ഥലത്ത് തങ്ങളുടെ പുസ്തകങ്ങളില്‍ കൈയൊപ്പ് ചാര്‍ത്തിയ ഗിന്നസ് ഉദ്യമം. 1502 എഴുത്തുകാര്‍ പങ്കെടുത്ത ഗിന്നസ് ശ്രമം നേരത്തെ തുര്‍ക്കിയുടെ പേരിലുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്.

പുതിയ പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 45 ലക്ഷം ദിര്‍ഹം അനുവദിച്ചു. പുസ്തകമേളയില്‍ പങ്കെടുത്ത പ്രസാധകരില്‍ നിന്നായിരിക്കും ഇവ വാങ്ങിക്കുക. ഇതു 38ാമത്തെ തവണയാണ് ഷാര്‍ജ രാജ്യാന്തര പുസ്തകമേള എഴുത്തിനെയും വായനയെയും നിറഞ്ഞ മനസ്സോടെ പ്രോത്സാഹിപ്പിക്കുന്നതെന്ന് എസ്ബിഎ ചെയര്‍മാന്‍ അഹമദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x