‘രക്തദാനം മഹാദാനം’ എന്നാണല്ലോ. ഏറ്റവും വിലമതിക്കപ്പെടുന്ന മാനുഷിക പ്രവൃത്തികളിലൊന്നാണ് രക്തദാനം. രക്തദാന പ്രക്രിയയ്ക്ക് മെഡിക്കല്‍ അല്ലെങ്കില്‍ പാരാമെഡിക്കല്‍ ജീവനക്കാരാണ് സഹായം നല്‍കുന്നത്.
രക്തദാനത്തെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍
1. എല്ലാവരും രക്തദാനത്തിന് അനുയോജ്യരല്ല. ദാതാക്കളുടെ പൊതുവായ ആരോഗ്യസ്ഥിതി നല്ല നിലയിലായിരിക്കണം, അസ്വസ്ഥതയൊന്നും ഉണ്ടായിരിക്കരുത് എന്നുമാത്രമല്ല താഴെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം;
1. പ്രായം 18 നും 60 നും ഇടയിലായിരിക്കണം.
2. കുറഞ്ഞത് 50 കിലോഗ്രാം എങ്കിലും ഭാരം വേണം.
3. രക്തസമ്മര്‍ദം 110/60 മുതല്‍ 160/90 വരെയുള്ള പരിധിയിലായിരിക്കണം.
4. പള്‍സ് റേറ്റ് മിനിറ്റില്‍ 60 മുതല്‍ 100 വരെയായിരിക്കണം.
5. ഹീമോഗ്ലോബിന്റെ അളവ് പുരുഷന്മാരില്‍ ഡെസിലിറ്ററില്‍ 12 ഗ്രാം, സ്ത്രീകളില്‍ 12.5 ഗ്രാം എന്ന നിരക്കില്‍ ആയിരിക്കണം.
6. ഏതെങ്കിലും രോഗത്തിന് മരുന്നു കഴിക്കുന്നവരാകരുത്. ആസ്പിരിന്‍ പോലെ രക്തത്തിന്റെ കട്ടികുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച ശേഷവും രക്തദാനം ചെയ്യാനാവില്ല.
2.പ്രീസ്‌ക്രീനിംഗില്‍ സത്യം മാത്രം പറയുക: ജീവിതശൈലി, മെഡിക്കല്‍ ചരിത്രം, പഴയ രോഗം, ശസ്ത്രക്രിയാ ചരിത്രം, ലൈംഗിക ശീലങ്ങള്‍ എന്നിവയെ കുറിച്ച് ഡോക്ടറോ നഴ്‌സോ ചോദിക്കുമ്പോള്‍ ദാതാവ് സത്യസന്ധമായ മറുപടി മാത്രം നല്‍കുക.
3. രക്തദാനം സുരക്ഷിതമാണ്: രക്തദാനം നടത്തുന്നത് റോഡിലൂടെ നടക്കുന്നതിനെക്കാളും തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുന്നതിനെക്കാളും സുരക്ഷിതമാണിതെന്ന് വേണമെങ്കില്‍ പറയാം. രക്തദാനവുമായി ബന്ധപ്പെട്ട് അണുബാധയുടെ അപകട സാധ്യതയുമില്ല. ഇതിനുപയോഗിക്കുന്ന സൂചികളും കിറ്റും അണുവിമുക്തവും വീണ്ടും ഉപയോഗിക്കാത്തതുമാണ്.
4.‘മടികൂടാതെ നല്‍കൂ, പലതവണ നല്‍കൂ’: രക്തം നിര്‍മ്മിക്കാന്‍ പറ്റില്ല, അത് ഉദാരമനസ്‌കരും ആരോഗ്യവാന്മാരുമായ ദാതാക്കളില്‍ നിന്നു തന്നെ ലഭിക്കണം. രക്തത്തിന്റെ ആവശ്യവും വിതരണവും തമ്മില്‍ വലിയൊരു അന്തരം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലാണെങ്കില്‍ മൂന്ന് ദശലക്ഷം യൂണിറ്റാണ് കുറവ്. ഇടവിട്ടുള്ള രക്തദാനം നല്ല ഒരു പ്രവൃത്തിയായാണ് കണക്കാക്കുന്നത്.
5. രക്തദാനം മൂലം ദാതാവിന് ക്ഷീണമോ ദൈനംദിന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയോ ഉണ്ടാവില്ല: മറിച്ചുള്ള പ്രചരണം രക്തദാനത്തിനെതിരെയുള്ള ദുഷ്പ്രചരണങ്ങളിലൊന്നു മാത്രമാണ്. രക്തദാനത്തിനു ശേഷം 36 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശരീരം പഴയപടിയാവുന്നു. രക്തദാനത്തിനു ശേഷം ശരീരം വളരെ വേഗം പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നു. രക്തദാനം ശാരീരിക പ്രക്രിയകളെ ഒരു തരത്തിലും ബാധിക്കുന്നില്ല.
6. പണം നല്‍കി രക്തം വാങ്ങാനാവില്ല: ഇന്ത്യയില്‍ രക്തവും രക്തത്തില്‍ നിന്നുള്ള ഉത്പന്നങ്ങളും വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. എല്ലാ രക്തദാതാക്കളും പ്രതിഫലം പറ്റാത്ത വോളണ്ടിയര്‍മാര്‍ ആയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന 1997 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബ്ലഡ് ബാങ്കുകളില്‍ പണം ഈടാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് സ്വാഭാവികമായും സംശയം തോന്നാം. ഇത് രക്തത്തിനും രക്ത ഉത്പന്നങ്ങള്‍ക്കും വേണ്ടിയുള്ള പ്രോസസിംഗ് ചാര്‍ജാണ്. ഇത്തരം പണം ഈടാക്കല്‍ ‘ദ നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍’ നിരീക്ഷണത്തിലായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.