Currency

സിഡ്നിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം Close

സ്വന്തം ലേഖകന്‍Wednesday, May 29, 2019 4:57 pm
water-rest

സിഡ്നി: സിഡ്നിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സിഡ്‌നി, ബ്ലൂ മൗന്‍ടെയ്ന്‍സ്, ഇലവാര തുടങ്ങിയ ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയിലെ എല്ലാ വീടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാകും. ഒരു ദശാബ്ദത്തിന് ശേഷമാണ് ജലോപയോഗത്തിന് ഇത്തരത്തിലൊരു നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം സംസ്ഥാനം നേരിട്ട കഠിന വരള്‍ച്ചയും ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യവും മൂലം നഗരത്തിലെ ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. സാധാരണ ജലനിരപ്പ് 50 ശതമാനമായി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചൊവ്വാഴ്ചയോടെ ഇത് 53.5 ശതമാനമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ ജലനിരപ്പ് നിശ്ചിത അളവില്‍ നിന്നും കുറയുന്നതുവരെ കാത്തുനില്‍ക്കാതെ ഉടന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ജല മന്ത്രി മെലിന്ഡ പാവെ വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ ഇവ: പൂന്തോട്ടങ്ങള്‍ക്കും, ലോണുകള്‍ക്കുമെല്ലാം വെള്ളം നനയ്ക്കാമെങ്കിലും വാട്ടര്‍ ക്യാനുകളോ ബക്കറ്റുകളോ ഉപയോഗിച്ച് വേണം ഇത് ചെയ്യാന്‍. എന്നാല്‍ ഹോസ് ഉപയോഗിച്ചാണ് ചെടികള്‍ നനയ്ക്കുന്നതെങ്കില്‍ രാവിലെ പത്ത് മണിക്ക് മുന്‍പും വൈകിട്ട് നാല് മണിക്ക് ശേഷവും മാത്രമേ അനുവാദമുള്ളൂ. അതും നിയന്ത്രിതമായി വെള്ളം പുറത്തേക്ക് വരുന്ന ട്രിഗര്‍ നോസില്‍ ഉപയോഗിക്കണം. സാധാരണ ഹോസുകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

കൂടാതെ ഡ്രൈവ് വേയും മറ്റും അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ വൃത്തിയാക്കാന്‍ അനുവാദമുള്ളൂ. പ്രഷര്‍ പമ്പുകള്‍ ഉപയോഗിച്ചോ ട്രിഗ്ഗര്‍ നോസില്‍ ഉപയോഗിച്ചോ വേണം ഇവ വൃത്തിയാക്കാന്‍. ഇതിനു പുറമെ വാഹനങ്ങള്‍ കഴുകുന്നതിനും, നീന്തല്‍ കുളങ്ങളില്‍ വെള്ളം നിറയ്ക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങള്‍ കഴുകുമ്പോഴും പ്രഷര്‍ പമ്പുകളോ ട്രിഗര്‍ നോസില്‍ ഉള്ള ഹോസുകളോ ഉപയോഗിക്കണം എന്നാണ് സിഡ്‌നി വാട്ടര്‍ നല്‍കുന്ന നിര്‍ദ്ദേശം. സാധാരണ ഹോസുകള്‍ ഉപയോഗിക്കുകയോ ജലം പാഴാക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. സമാനമായ രീതിയില്‍ തന്നെ വേണം വേസ്റ്റ് ബിന്നുകളും മറ്റും വൃത്തിയാക്കാന്‍.

ജലം പാഴാക്കിയാല്‍ പിഴ: ഈ നിയന്ത്രങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും കഠിന പിഴയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ജലം പാഴാക്കുന്ന വ്യക്തികള്‍ക്ക് 220 ഡോളറും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 550 ഡോളറുമാണ് പിഴ. പിഴ ഈടാക്കാനുള്ള തീരുമാനമുണ്ടെങ്കിലും ആദ്യത്തെ മൂന്ന് മാസം വരെ പിഴ ഈടാക്കില്ല. സെപ്റ്റംബര്‍ ഒന്ന് മുതല്‍ മാത്രമേ പിഴ ഈടാക്കി തുടങ്ങുകയുള്ളു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x