ദോഹ: അല്‍ ഖലീജ് സ്ട്രീറ്റിന്റെ വടക്ക് ഭാഗത്തെ പാതകള്‍ ബുധന്‍ മുതല്‍ ഭാഗികമായി അടയ്ക്കുമെന്നു പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) അറിയിച്ചു. വാദി മുഷെറിബ് ഇന്റര്‍സെക്ഷനില്‍ (അല്‍ ജൈദ പാലം റൗണ്ട് എബൗട്ട്) നിന്ന് അല്‍ ഖലീജ് ഇന്റര്‍സെക്ഷനിലേക്കുള്ള (അല്‍മന്നായി റൗണ്ട് എബൗട്ട്) പാതയാണ് 4 മാസത്തേക്ക് അടയ്ക്കുന്നത്. അല്‍ റയ്യാന്‍ റോഡിലെ ഇബ്ന് മഹ്മൂദ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍ പുതിയ ഗതാഗത സിഗ്നലും സ്ഥാപിക്കും.
വൈറ്റ് പാലസ് ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ മന്നായി റൗണ്ട് എബൗട്ടിലേക്ക് വരുന്നവര്‍ അല്‍ ജൈദ പാലം റൗണ്ട് എബൗട്ടിലേക്ക് വരാന്‍ ഇബ്ന് മഹ്മൂദ് സ്ട്രീറ്റ് ഉപയോഗിക്കണം. അല്‍ ദിവാന് ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ മന്നായി റൗണ്ട് എബൗട്ടിലേക്ക് വരുന്നവര്‍ വലത്തേക്ക് തിരിഞ്ഞ് ഖ്വാസര്‍ അല്‍ മര്‍മര്‍ റൗണ്ട് എബൗട്ടിലേക്കും അവിടെ നിന്നു യു ടേണ്‍ എടുത്ത് അല്‍ മന്നായി അടിപ്പാലത്തിലൂടെ അല്‍ ജൈദ പാലം റൗണ്ട് എബൗട്ടിലേക്ക് എത്തണം.
അല്‍ കഹ്രാബ ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ മന്നായി റൗണ്ട് എബൗട്ടിലേക്ക് വരുന്നവര്‍ അല്‍ ദിവാന് സ്ട്രീറ്റിലെത്തി അല്‍ ദിവാന് ഇന്റര്‍സെക്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിയണം. ബി റിങ് റോഡ്, ഇബ്ന് സീന സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്ന് അല്‍ ജൈദ പാലം റൗണ്ട് എബൗട്ടിലേക്ക് വരുന്നവര്‍ ബിന്‍ മഹ്മൂദ് സ്ട്രീറ്റിലൂടെ അല്‍ മന്നായി പാലത്തിലേക്ക് എത്തണം.
സല്‍വ റോഡിലെ സെന്റര്‍ ഇന്റര്‍സെക്ഷനും ഭാഗികമായി അടയ്ക്കും. അതേസമയം റമദ ഇന്റര്‍സെക്ഷനും അല്‍ ജെയ്ദ പാലം റൗണ്ട് എബൗട്ടിനും ഇടയിലുള്ള റോഡില്‍ ഗതാഗതം തുടരും. അല്‍ കാന്‍ഡി സ്ട്രീറ്റില്‍ നിന്നുള്ളവര്‍ വലത്തേക്ക് തിരിഞ്ഞ് സല്‍വ റോഡിലേക്ക് പോകണം. അല്‍ ഖലീജ് സ്ട്രീറ്റിലെ പാതകളുടെ എണ്ണം 2 ല്‍ നിന്ന് 3 ആക്കി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മാണ ജോലികളെ തുടര്‍ന്നാണ് റോഡ് അടയ്ക്കുന്നത്. ഗതാഗത നിയന്ത്രണം സംബന്ധിച്ച അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.