Currency

1500 ഫെഡറല്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കുറക്കുമെന്ന് ധനകാര്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Friday, July 12, 2019 4:44 pm
fees

അബൂദബി: ഫെഡറല്‍ സര്‍ക്കാറിന്റെ 1500ഓളം സേവനങ്ങളുടെ ഫീസ് കുറക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ 1200, മാനവ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ 200, സാമ്പത്തിക മന്ത്രാലയത്തിന്റെ 80 സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫീസാണ് കുറക്കുന്നത്. ഈ മൂന്ന് മന്ത്രാലയങ്ങളുടേതുമായി 1500ഓളം സേവനങ്ങളുടെ ഫീസ് ജൂലൈ ഒന്ന് മുതല്‍ കുറച്ചു തുടങ്ങണമെന്ന മന്ത്രിസഭയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില സേവനങ്ങള്‍ക്ക് ഉത്തരവ് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

സെക്യൂരിറ്റി ലൈസന്‍സ്, സുരക്ഷ ഉദ്യോഗസ്ഥരുടെ ലൈസന്‍സ്, നിരീക്ഷണ സംവിധാന ലൈസന്‍സ് തുടങ്ങിയവയുടെ ഫീസാണ് ആഭ്യന്തര മന്ത്രാലയം കുറക്കുക. വിദേശത്തെ അനുബന്ധ കമ്പനികളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍, വിദേശ വ്യാപരമുദ്രകളുടെ രജിസ്‌ട്രേഷനും പുതുക്കലും, വിദേശ കമ്പനികളുടെ വില്‍പനയും ഏറ്റെടുക്കലും സംബന്ധിച്ച സേവനങ്ങള്‍, തര്‍ക്കപരിഹാര സേവനങ്ങള്‍ എന്നിവയുടെ ഫീസുകള്‍ സാമ്പത്തിക മന്ത്രാലയം കുറക്കുന്നതില്‍ ഉള്‍പ്പെടുന്നു. തൊഴില്‍ പെര്‍മിറ്റ് എടുക്കലും പുതുക്കലും, തൊഴില്‍ കരാറുകളുടെ ഭേദഗതി, രാജ്യത്ത് നടത്തുന്ന പരിശീലന പരിപാടികളുടെ പെര്‍മിറ്റ്, രാജ്യത്തിന് പുറത്തെ തൊഴില്‍ പെര്‍മിറ്റ്, തൊഴിലാളികളെ ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള പെര്‍മിറ്റ് എന്നിവയുടേത് ഉള്‍പ്പെടെയുള്ള ഫീസാണ് മാനവ വിഭവശേഷി മന്ത്രാലയം കുറക്കുന്നത്.

ചെലവ് ചുരുക്കി രാജ്യത്ത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഫീസ് കുറക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഫീസുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് കുറക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x