Currency

അമേരിക്കയിൽ ദാരിദ്ര്യം വര്‍ധിച്ചു വരുന്നെന്ന് ഐ.എം.എഫ് റിപ്പോർട്ട്

Sunday, June 26, 2016 8:48 pm

സമ്പന്ന രാജ്യമാണെങ്കിലും അമേരിക്കയിൽ ദാരിദ്ര്യം വര്‍ധിച്ചു വരുകയാണെന്ന് അന്താരാഷ്ട്രീയ നാണയ നിധി (ഐ.എം.എഫ്) യുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: സമ്പന്ന രാജ്യമാണെങ്കിലും അമേരിക്കയിൽ ദാരിദ്ര്യം വര്‍ധിച്ചു വരുകയാണെന്ന് അന്താരാഷ്ട്രീയ നാണയ നിധി (ഐ.എം.എഫ്) യുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള വാര്‍ഷിക അവലോകനത്തില്‍ അമേരിക്കയിൽ ഏഴു പേരില്‍ ഒരാള്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന റിപ്പോർട്ടാണ് ഐ.എം.എഫ് അവതരിപ്പിച്ചത്. ഇക്കാര്യത്തിൽ അടിന്തര നടപടി കൈക്കൊള്ളണമെന്നും ഐ. എം.എഫ് ഓര്‍മിപ്പിച്ചു. രാജ്യത്ത് വളര്‍ച്ചാ നിരക്ക് 2.2 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ. എം.എഫ് മുൻപ് അവതരിപ്പിച്ച റിപ്പോർട്ടിൽ വളർച്ചാനിരക്ക് 2.4 ശതമാനമായിരിക്കുമെന്നായിരുന്നു പ്രവചനം. ആഗോള തലത്തിലുള്ള മാന്ദ്യവും, ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നതില്‍ വന്ന കുറവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എങ്കിലും തൊഴില്‍ മേഖല കരുത്തോടെ നില്‍ക്കുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ ശുഭ സൂചനയാണെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദേ പറഞ്ഞു. മേയ് മാസത്തെ തൊഴിലില്ലായ്മ നിരക്ക് എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.7 ശതമാനമാണ് കാണിച്ചത്. എങ്കിലും ദാരിദ്ര്യം നിലനില്‍ക്കുന്നത് സാമൂഹ്യക്രമത്തെ ഞെരുക്കുമെന്നും, അതുവഴി തൊഴില്‍ പ്രാതിനിധ്യം കുറച്ച് വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കാനുള്ള സാധ്യതയും, ആരോഗ്യസ്ഥിതി മെച്ചപ്പെടാത്താനുള്ള ത്വരയും നഷ്ടപ്പെടുത്തുമെന്ന് ക്രിസ്റ്റീന്‍ ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കൂടുതലായി നിക്ഷേപം നടത്തണമെന്നും, കൂടുതല്‍ മികവാര്‍ന്ന സാമൂഹ്യക്ഷേമ പരിപാടികളും, ചൈല്‍ഡ് കെയറും നടപ്പാക്കി ദരിദ്രരായ അമേരിക്കക്കാര്‍ക്ക് ജോലി കിട്ടാന്‍ സഹായകമായ നിലപാട് സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x