Currency

ഡല്‍ഹിയില്‍ 40 ശതമാനം പേര്‍ക്കും ക്ഷയരോഗം

സ്വന്തം ലേഖകന്‍Tuesday, November 22, 2016 1:22 pm

2030ഓടെ ക്ഷയരോഗം ഇല്ലാതാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യം. വര്‍ഷത്തില്‍ 28 ലക്ഷം പേര്‍ക്ക് പുതുതായി രോഗബാധയുണ്ടാവുന്നു.

ന്യൂഡല്‍ഹി: തലസ്ഥാനത്ത് 40 ശതമാനം പേരിലും ക്ഷയരോഗത്തിന്റെ അണുബാധയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ശരീരത്തിലെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ സ്ഥിതിവിശേഷമെന്നതിനാല്‍ രോഗനിവാരണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ക്ഷയരോഗം ഒരു വെല്ലുവിളിയായി ഇന്നും തുടരുകയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. 2030ഓടെ ക്ഷയരോഗം ഇല്ലാതാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യം. വര്‍ഷത്തില്‍ 28 ലക്ഷം പേര്‍ക്ക് പുതുതായി രോഗബാധയുണ്ടാവുന്നു.

നഗരത്തിലെ 25 നെഞ്ചുരോഗ ക്ലിനിക്കുകള്‍ വഴിയാണ് ക്ഷയരോഗ നിവാരണം നടപ്പാക്കിവരുന്നത്. ഇതില്‍ 12 എണ്ണം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഒരെണ്ണം എന്‍.ഡി.എം.സി.യും പത്തെണ്ണം സംസ്ഥാനസര്‍ക്കാരും ഒരെണ്ണം സന്നദ്ധസംഘടനയും നടത്തിവരുന്നതാണ്. ഒരു ജില്ലയില്‍ രാമകൃഷ്ണമിഷനാണ് രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡല്‍ഹിയില്‍ 199 പരിശോധനാകേന്ദ്രങ്ങളും 551 ചികിത്സാകേന്ദ്രങ്ങളുമുണ്ട്. വിവിധ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസംഘടനകള്‍ക്കുപുറമേ സ്വകാര്യഡോക്ടര്‍മാരും സഹകരിക്കുന്നു. സൗജന്യപരിശോധനയും ചികിത്സയുമാണ് ക്ഷയരോഗികള്‍ക്ക് നല്‍കിവരുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമനുസരിച്ച് 2008ല്‍ പ്രത്യേക പ്രതിരോധപദ്ധതി തുടങ്ങിയതുമുതല്‍ ഒന്നേമുക്കാല്‍ലക്ഷത്തിലേറെ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. പുതുതായി രോഗം ബാധിച്ചവരില്‍ നാലുശതമാനമാണ് മരിക്കുന്നവരുടെ ദേശീയശരാശരി സംഖ്യ. ഇത് ഡല്‍ഹിയില്‍ മൂന്നുശതമാനമാക്കി കുറയ്ക്കാനായി. രോഗം ബാധിച്ച കുട്ടികള്‍ക്ക് ഏറ്റവും മികച്ചരീതിയില്‍ ചികിത്സ ലഭ്യമാക്കുന്നതിലും ഡല്‍ഹി മുന്‍പന്തിയില്‍നില്‍ക്കുന്നു 14 ശതമാനം. അതേസമയം, ആറുശതമാനമാണ് ഇക്കാര്യത്തില്‍ ദേശീയശരാശരി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x