Currency

ബജറ്റ്‌ കമ്മി വർധിക്കുന്നു, ഒമാന്റെ സാമ്പത്തിക നില താറുമാറാക്കി 254 കോടി റിയാലിന്‍െറ ബജറ്റ് കമ്മി

Thursday, July 28, 2016 12:29 pm

മസ്കറ്റ്: ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം ബജറ്റ് കമ്മിയില്‍ വൻ വര്‍ധന. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള വരുമാന നഷ്ടത്തിന്‍െറ ഫലമായി ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ചുമാസ കാലയളവില്‍ 254 കോടി റിയാലിന്‍െറ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 16 കോടി റിയാലായിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനത്തിന്‍െറ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായതു. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പുറത്തു വന്നതോടെ രാജ്യം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. ആദ്യ അഞ്ചുമാസ കാലയളവിലെ മൊത്തം വരുമാനം 208 കോടി റിയാലാണ്. വരുമാനത്തില്‍ 107 കോടി റിയാലിന്‍െറ കുറവുണ്ട്.

330 കോടി റിയാലാണ് പ്രതീക്ഷിത കമ്മിയെന്നാണ് ഈ വർഷത്തെ ബജറ്റ് പ്രഖ്യാപന വേളയില്‍ ധനകാര്യമന്ത്രി അറിയിച്ചിരുന്നത്.പൊതുചെലവില്‍ കുറവ് വരുത്തിയും സബ്സിഡികളും വെട്ടിക്കുറച്ചും ഈ കമ്മി മറികടക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, എണ്ണവില പ്രതീക്ഷിച്ച ഉയരങ്ങളിലേക്ക് എത്താത്ത സാഹചര്യത്തില്‍ ആദ്യ അഞ്ചുമാസ കാലയളവില്‍ തന്നെ ബജറ്റ് കമ്മി പ്രതീക്ഷിത തുകയുടെ 75 ശതമാനവും കവിഞ്ഞിരിക്കുകയാണ്. എണ്ണ വരുമാനം കുറഞ്ഞതാണ് കമ്മി ഉയരുന്നതിനു പ്രധാന കാരണം. കഴിഞ്ഞവര്‍ഷം 232 കോടി റിയാലായിരുന്ന എണ്ണ വരുമാനം 129 കോടി റിയാലായാണ് കുറഞ്ഞത്. പ്രകൃതിവാതകത്തില്‍നിന്നുള്ള വരുമാനത്തിലും കുറവുണ്ട്. എണ്ണ വിലക്കുറവ് നേരിടാൻ ഉത്പാദനം ഗണ്യമായി വർധിപ്പിച്ചെങ്കിലും എണ്ണ വില ശരാശരി വിലയായ 35 ഡോളറിൽ നിന്നും ഉയരാത്തതിനാൽ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കിയില്ല. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 59.3 ഡോളറായിരുന്നു ശരാശരി എണ്ണവില. കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നുള്ള വരുമാനത്തിൽ 135 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വരുമാന നികുതി 13.39 ശതമാനവും മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം 8 ശതമാനവും കുറഞ്ഞിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x