Currency

യൂറോപ്പിലെ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ഇനി ശേഖരിക്കില്ല

സ്വന്തം ലേഖകന്‍Friday, November 18, 2016 11:16 am

യൂറോപ്പിലെ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇനി മുതല്‍ ഫെയ്‌സ്ബുക്ക് ശേഖരിക്കില്ല. അധികാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ തീരുമാനം. ഇതോടെ യൂറോപ്പില്‍ നിന്നുള്ള വാട്‌സ്ആപ്പ് ഉപഭോക്താക്കളില്‍ നിന്നും ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ഇനി ശേഖരിക്കില്ല. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ തീരുമാനം താല്‍ക്കാലികം മാത്രമാണെന്നാണ് ഫെയയ്‌സ്ബുക്ക് അധികൃതര്‍ പറയുന്നത്.

2014ലാണ് 1900 കോടി ഡോളറിന് ഫെയ്‌സ്ബുക്ക് വാട്‌സാപ്പിനെ സ്വന്തമാക്കുന്നത്. ഈ വര്‍ഷം ആഗസ്തിലാണ് ഫെയ്‌സ്ബുക്ക് വാട്‌സാപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്. ഇതിനെതിരെ യൂറോപ്പിലെ വിവിധ ഡാറ്റാ കളക്ഷന്‍ അതോറിറ്റികള്‍ രംഗത്തുവരികയും നിയമപരമായ തീരുമാനം ഉണ്ടാകുന്നത് വരെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം വാട്‌സാപ്പില്‍ നിന്നുള്ള വിവരശേഖരണം നിര്‍ത്തിവെക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ തീരുമാനം ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ സ്ഥിരീകരിച്ചു.

നേരത്തെ ജര്‍മ്മനിയില്‍ ഫെയ്‌സ്ബുക്കിന്റെ ഇത്തരത്തിലുള്ള നീക്കം തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ദേശീയ വിവര സംരക്ഷണ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. നിലവില്‍ ശേഖരിച്ച വിവരങ്ങളെല്ലാം നീക്കം ചെയ്യാനും ജര്‍മ്മന്‍ അധികാരികള്‍ ഉത്തരവിട്ടു. ഇതേ വിഷയത്തില്‍ മുമ്പ് ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനുമെതിരെ ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x