ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അടുത്തലക്ഷ്യം ശബരിമലയാണെന്ന് വ്യക്തമാക്കി സ്ത്രീകളുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന തൃപ്തി ദേശായിയും കൂട്ടരും രംഗത്തെത്തിയത്.
മുംബൈ: ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമെന്ന് റൈറ്റ് ടു പ്രേ മൂവ്‌മെന്റ് പ്രവര്‍ത്തക തൃപ്തി ദേശായി. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അടുത്തലക്ഷ്യം ശബരിമലയാണെന്ന് വ്യക്തമാക്കി സ്ത്രീകളുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന തൃപ്തി ദേശായിയും കൂട്ടരും രംഗത്തെത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്കും ആരാധനയ്ക്ക് അവകാശമുണ്ട്. തങ്ങള്‍ സംഘര്‍ഷമുണ്ടാക്കാനല്ല വരുന്നത്. തങ്ങള്‍ക്കൊപ്പമുളള എല്ലാ സ്ത്രീകളുടെയും അടുത്ത ലക്ഷ്യം ശബരിമലയാണ്. അതിനായി ജനുവരിയില്‍ എത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞു.
അതേസമയം സ്ത്രീകളെ മുന്‍നിര്‍ത്തി തൃപ്തി ദേശായിയെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തൃപ്തി ദേശായി വ്യാജ ഫെമിനിസ്റ്റാണ്. സ്ത്രീകളെ മുന്‍നിര്‍ത്തി തന്നെ അവരെ തടയുമെന്നും ശബരിമലയില്‍ അവരെ പ്രവേശിപ്പിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തൃപ്തിയുടെ പ്രഖ്യാപനത്തെ ദേവസ്വം ബോര്‍ഡ് ഭീഷണിയായി കാണുന്നില്ലെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും വ്യക്തമാക്കി. ആചാരപ്രകാരമുളള വിലക്ക് ശബരിമലയില്‍ തുടരും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതി സ്വീകരിക്കുമെന്നും പ്രയാര്‍ പറഞ്ഞു. ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയിലുളള സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുളള കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.
എണ്‍പത് സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ് ഇന്നലെ ഉച്ചയ്ക്ക്‌ശേഷം ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചത്. 2012 വരെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നതാണ്. പിന്നീടാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. 2014ല്‍ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടനയും തൃപ്തി ദേശായി അടക്കമുളളവരും ഇതിനെതിരെ അണിനിരന്നതും. തുടര്‍ന്ന് കോടതി അനുകൂല നിലപാട് എടുത്തെങ്കിലും ഹാജി അലി ദര്‍ഗ ട്രസ്റ്റ് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് സ്ത്രീകളുടെ സംഘം ദര്‍ഗയിലെത്തിയതും അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചതും. നേരത്തെ അഹമ്മദ് നഗറിലെ ശനി ഷിഗ്‌നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീകളുടെ വിലക്കിനെതിരെയും സമരവുമായി തൃപ്തി ദേശായിയും കൂട്ടരുമാണ് മുന്നിട്ടിറങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.