കുവൈത്ത്: പൊതുമേഖലയില്‍ ജോലിചെയ്യുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം നിലവിലെ 85 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുമെന്ന് നിയമ മന്ത്രി യഅ്ഖൂബ് അല്‍ സാനിഅ് പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. സ്വദേശികളില്‍ 85 ശതമാനവും നിലവില്‍ ജോലി ചെയ്യുന്നത് സര്‍ക്കാര്‍ വകുപ്പിലും സ്ഥാപനങ്ങളിലുമാണ്. ബാക്കി 15 ശതമാനം മാത്രമാണ് സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നത്. സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ സ്വദേശികള്‍ വിമുഖത കാട്ടുന്നത് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമെന്നും സ്വകാര്യ മേഖലയിലെ തൊഴിൽ സാഹചര്യം സർക്കാർ നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ കുറഞ്ഞു വരുമെന്നും സ്വദേശികൾ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുവാൻ സന്നദ്ധരാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. 2030 ആകുമ്പോൾ തൊഴിലില്ലാത്ത ബിരുദദാരികളായ സ്വദേശി യുവാക്കളുടെ എണ്ണം 30,000 ത്തില്‍ എത്തുമെന്ന സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ് സർക്കാർ ഗൗരവമായി തന്നെ എടുത്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. പുതിയ പദ്ധതികളുടെ ഭാഗമായി സ്വകാര്യമേഖലയില്‍ വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ചെറുകിട-വന്‍കിട സംരംഭങ്ങളിലേക്ക് അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ സ്വദേശി ചെറുപ്പക്കാരെ ആകര്‍ഷിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിൽ ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ സൂചനയായാണ് മന്ത്രിയുടെ പ്രതികരണത്തെ വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.