Currency

പതിമൂന്നാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാര ദാനച്ചടങ്ങു ശനിയാഴ്ച ടോക്യോയിൽ

സ്വന്തം ലേഖകൻThursday, October 11, 2018 6:34 pm
Garshom Awards 2018

ടോക്കിയോ (ജപ്പാൻ):  സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ്‌ ഉയർത്തുകയും ചെയ്ത മറുനാടൻ മലയാളികളെയും സംഘടനകളെയും ആദരിക്കുവാൻ ബെംഗളൂരു ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനം, ബിസിനസ്, യുവ പ്രതിഭ, മലയാളി സംഘടന എന്നീ വിഭാഗങ്ങളിലാണ് ഗർഷോം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

പി കെ അബ്ദുള്ള കോയ (അബുദാബി ), ജോ മാത്യൂസ് (അമേരിക്ക), പ്രൊഫ. ഡോ. ശക്തികുമാർ (ജപ്പാൻ), അബ്ദുൽ ലത്തീഫ് (സൗദി അറേബ്യ), ഡോ. സോണി സെബാസ്റ്റ്യൻ (കുവൈറ്റ്), സുനീഷ് പാറക്കൽ  (ജപ്പാൻ), ശില്പ രാജ് (അമേരിക്ക), സ്റ്റീഫൻ അനത്താസ് (സിങ്കപ്പൂർ), അനിൽ രാജ് മങ്ങാട്ട് (ജപ്പാൻ), ഇഗ്‌നേഷ്യസ് സെബാസ്റ്റ്യൻ (മലേഷ്യ), പോൾ പുത്തൻപുരയ്ക്കൽ (ഫിലിപ്പൈൻസ്) എന്നിവർക്ക് 13 മത് ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2018 ലെ മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള പുരസ്‌കാരത്തിന് നോർവേയിലെ നോർവീജിയൻ മലയാളി അസ്സോസിയേഷനെയും (നന്മ) തിരഞ്ഞെടുത്തു.  ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസിഫിക് ഡയറക്ടർ ജോസഫ് സ്കറിയ ജൂനിയർ (ഫിലിപ്പീൻസ്) ചെയർമാനായ സമിതിയാണ് ഈ വർഷത്തെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

2018 ലെ ഗർഷോം ഇന്റർനാഷണൽ പുരസ്‌കാര ജേതാക്കളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കു ഇവിടെ CLICK ചെയ്യുക.

ടോക്യോയിലെ ടോക്കിയു ഹോട്ടലിൽ ഒക്ടോബർ 13 നു (ശനിയാഴ്ച) രാവിലെ 11 നു നടക്കുന്ന ചടങ്ങിൽ ജപ്പാൻ പാർലമെൻറ് അംഗം ശ്രീ. നഖമുര റികാക്കോ എം പി പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചടങ്ങിൽ ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടർ സിദ്ധാർഥ് സിംഗ്, ആസ്ട്രേലിയയിലെ പ്രഥമ മലയാളി ജനപ്രതിനിധി ടോം ജോസഫ്, സാകെ ചോയിലെ മുൻ എം.എൽ.എ   ഷിഗെക്കി സോമയ്യ, ഒസാക്കയിലെ ടൈറ്റമാ പ്രസിഡന്റ് ടാഡാഷി അവാസൂ, യമഹാച്ചി കെമിക്കൽ കമ്പനി സ്ഥാപകൻ ശ്രീ.  ടെറ്റ് സുയുകി, ജോളി തടത്തിൽ ജർമനി, ജപ്പാനിലെ മലയാളി സംഘടനയായ നിഹോൺ കൈരളി സ്ഥാപക അംഗം സുരേഷ് ലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. ഇന്ത്യ, മലേഷ്യ, കുവൈറ്റ്, യു എ ഇ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം ഇന്റർനാഷണൽ അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്. ടോക്കിയോയിൽ ഈ വർഷം നടക്കുന്ന ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളുന്നത് ജപ്പാനിലെ മലയാളി കൂട്ടായ്മയായ ‘നിഹോൺ കൈരളി’ യാണ്‌.

അബ്ദുള്ള കോയ: സെൽഫ് ഇങ്കിങ് സീൽ സാങ്കേതിക വിദ്യ ലോകത്തിനു  പരിചയപ്പെടുത്തിക്കൊടുക്കുകയും ഇന്ത്യയിൽ മാത്രം  അൻപതിനായിരത്തിലധികം പേർക്ക് തൊഴിൽ മേഖല തുറന്നു നൽകുകയും ചെയ്ത അബ്ദുള്ള കോയ കോഴിക്കോട് സ്വദേശിയാണ്. 1978 ൽ പതിനേഴാം വയസിൽ ഗൾഫിൽ എത്തിയ അബ്ദുള്ള കോയയുടെ ബിസിനസ് സാമ്രാജ്യം 15 ലധികം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. 

ജോ മാത്യൂസ്: പത്തനംതിട്ടയിലെ കോട്ടാങ്ങലിൽ റാങ്കോടെ പത്താംക്‌ളാസ് പാസ്സായി ബാംഗളൂരിലെ ഉന്നത വിദ്യാഭ്യാസവും ഹിന്ദുസ്ഥാൻ ഐറോനോട്ടിക്കൽ ലിമിറ്റഡിൽ ഉന്നത പദവിയിൽ ജോലിയും നോക്കിയ ശേഷമാണു ജോ മാത്യൂസ് അമേരിക്കയിൽ ജോലി നേടി എത്തുന്നത്. ബുദ്ധിമാന്ദ്യമുള്ള മക്കളെ സംരക്ഷിക്കുന്നതിന് കൂടുതൽ സമയം അവരോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ച ജോ പിന്നീട് അമേരിക്കയിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് സ്ഥാപനം ആരംഭിച്ചു. അമേരിക്കയിലും കേരളത്തിലും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജോ മാത്യൂസ്.

പ്രൊഫ. ഡോ. ശക്തി കുമാർ: ടോക്യോയിലെ ടോയോ യൂണിവേഴ്സിറ്റിയിൽ ബയോ നാനോ ഇലക്ട്രോണിക്സ് റിസേർച് സെന്റർ ഡെപ്യൂട്ടി ഡിറക്ടറാണ് കോട്ടയം സ്വദേശിയായ ഡോ. ശക്തി കുമാർ. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നതപഠനവും ഡോക്ടറേറ്റും പൂർത്തിയാക്കിയ ശേഷമാണു ഡോ. ശക്തി ജപ്പാനിൽ എത്തുന്നത്. 

അബ്ദുൽ ലത്തീഫ്: വടക്കേ മലബാർ മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറഞ്ഞ സാന്നിധ്യമാണ് അബ്ദുൽ ലത്തീഫ്. സൗദി അറേബ്യ ആസ്ഥാനമായ ഫാദിൽ ഗ്രൂപ്പിന്റെ സാരഥിയായ അബ്ദുൽ ലത്തീഫ് തലശേരി സ്വദേശിയാണ്.

ഡോ. സോണി സെബാസ്റ്റ്യൻ: കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂഷൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സോണി സെബാസ്റ്റിൻറെ ബിസിനസ് സംരംഭങ്ങൾ ഇംഗ്ലണ്ട്, യു എ ഇ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. കോട്ടയം അതിരമ്പുഴ സ്വദേശിയാണ് ഡോ. സോണി.

സുനീഷ് പാറക്കൽ: 1984 ൽ കുന്നംകുളത്തു നിന്നും ജപ്പാനിൽ എത്തിയ സുനീഷ് ജപ്പാൻ മലയാളികൾക്കിടയിലെ നിറസാന്നിധ്യമാണ്. ജോലി നേടി ടോക്യോയിലെത്തിയ സുനീഷ്  ഇന്ന് അൻപതിലധികം രാജ്യങ്ങളിലേക്ക് ജപ്പാനിൽ നിന്നുള്ള മെഷിനറികൾ കയറ്റി അയക്കുന്ന ജെയ് എന്റർപ്രൈസസിന്റെ അമരക്കാരനായി മാറി.

അനിൽരാജ് മങ്ങാട്ട്: ടെക്കിയായി ജപ്പാനിലെത്തിയ പാലക്കാടു സ്വദേശി  അനിൽ രാജ് ജപ്പാനിലെ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ശൃംഖലയായി വളർന്ന  ‘നിർവാണം ‘ ബ്രാൻഡ് പടുത്തുയർത്തുകയായിരുന്നു. സൗത്ത് ഇന്ത്യൻ രുചിക്കൂട്ടുകൾ ജപ്പാൻകാർക്കു പരിചിതമാക്കിയ രാജ് ഗ്രൂപ്പിന് ഇന്ത്യയിലും നിരവധി ബിസിനസ് സംരംഭങ്ങൾ ഉണ്ട്.

ശില്പ രാജ്: മലയാള സിനിമയിൽ അഭിനയത്തിലും സംഗീതാലാപനത്തിലും ശ്രദ്ധേയായ ശില്പ രാജ് അമേരിക്കൻ മലയാളികളായ സുരേഷ് രാജ് – അനിത ദമ്പതികളുടെ മകളാണ്. എന്ന് നിന്റെ മൊയിദീനിലെ ശാരദാഭരം എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ശില്പ രാജ് മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ ചെറുപ്പത്തിലേ സംഗീതത്തിൽ പ്രതിഭ തെളിയിച്ച ശില്പ മറ്റു ഭാഷകളിലും സജീവമാണ്.

സ്റ്റീഫൻ അനത്താസ്: സിങ്കപ്പൂർ മലയാളികൾക്കിടയിൽ അന്യമായിക്കൊണ്ടിരുന്ന മലയാളത്തിന്റെ സംസ്കാരവും കലയും സിങ്കപ്പൂർ സർക്കാരിന്റെ സഹായത്തോടെ പരിപോഷിപ്പിക്കുന്നതിനു നേതൃത്വം നൽകിയതു സ്റ്റീഫൻ അനത്താസ് ആണ്. സിംഗപ്പൂരിലെ ഭരണ കക്ഷിയായ പീപ്പിൾ ആക്ഷൻ പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

പോൾ പുത്തൻപുരക്കൽ: പ്രകൃതി സംരക്ഷണത്തിൽ ഊന്നിയ ബിസിനസ് സംഭരംഭങ്ങൾ ആവിഷ്കരിക്കുകയും അത് പ്രവർത്തിപഥത്തിൽ കൊണ്ടുവരുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് പോൾ പുത്തൻപുരക്കൽ നേതൃത്വം നൽകുന്നത്. ഫിലിപ്പീൻസിലെ മനില കേന്ദ്രമാക്കി പ്രവർത്തിക്കുന്ന SURE Inc. ന്റെ സ്ഥാപക പ്രെസിഡന്റാണ്‌ പോൾ 

ഇഗ്‌നേഷ്യസ് സെബാസ്റ്റ്യൻ: മലേഷ്യയിലേക്ക് കുടിയേറിയ തിരുവനന്തപുരം സ്വദേശികളായ മാതാപിതാക്കളിൽ ജനിച്ച ഇഗ്‌നേഷ്യസ് യുഎസിലെ ഉപരിപഠനത്തിനു ശേഷം മലേഷ്യയിൽ തിരിച്ചെത്തി സമൂഹത്തിലെ മുഖ്യധാരയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്നു. കമ്മ്യൂണിറ്റി ആക്ഷൻ സെന്റർ എന്ന സംഘടനയിൽ അംഗമായായിരുന്നു ഇഗ്നേഷസ്സിന്റെ പ്രവർത്തനം. പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ ഇഗ്‌നേഷ്യസ്  കൊലാലമ്പൂരിലാണ് താമസം. 

നോർവീജിയൻ മലയാളി അസോസിയേഷൻ: 2010 ൽ 25 അംഗങ്ങളുമായി ആരംഭിച്ച നോർവീജിയൻ മലയാളി അസോസിയേഷൻ (നന്മ) നോർവേയിൽ വസിക്കുന്ന മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക കല രംഗത്തെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പുതുതലമുറയെ മലയാളം പഠിപ്പിക്കുന്നതിനും കേരളത്തിന്റെ സംസ്കാരവും കലയും കുട്ടികൾക്ക് പകർന്നുനല്കുന്നതിനും വ്ത്യതമായ പ്രവർത്തനങ്ങളാണ് സംഘടനാ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നത്.

2018 ലെ ഗർഷോം ഇന്റർനാഷണൽ പുരസ്‌കാര ജേതാക്കളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കു ഇവിടെ CLICK ചെയ്യുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x