Currency

15- മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Saturday, September 17, 2022 8:36 pm
GARSHOM-AWARDS-2020

പനാജി: 2020 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള വിതരണം ചെയ്തു. ശനിയാഴ്ച (17.09.2022) വൈകുന്നേരം 6 ന് പനാജിയിലെ ഫോർച്യൂൺ മിരാമർ ഐടിസി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിനോയി സെബാസ്റ്റ്യൻ (കുവൈറ്റ്), സുപ്രിയ ചെറിയാൻ (ആസ്‌ട്രേലിയ), ശാന്തൻ നാണു (ഗോവ), വി ജെ മാത്യു (ഇന്തോനേഷ്യ), മോഹൻ നായർ (ഗുജറാത്ത്) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച പ്രവാസി മലയാളി സംഘടനയായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിലെ ധാക്ക മലയാളി അസോസിയേഷനുള്ള പുരസ്‌കാരം ട്രെഷറർ സജേഷ് പെരിങ്ങേത്തും മികച്ച പ്രവാസി മലയാളി പ്രസ്ഥാനത്തിനുള്ള പുരസ്കാരം എൽ ഷഡ്ഡായി ചാരിറ്റബിൾ ട്രസ്റ്റിനുവേണ്ടി മാനേജിങ് ഡയറക്ടർ ജൂലിയ മാത്യൂസും ഏറ്റുവാങ്ങി. ഗോവ വ്യവസായ-ഗതാഗത വകുപ്പ് മന്ത്രി മൊവിൻ ഗുദിനോ, സൗത്ത് ഗോവ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ കൃഷ്ണ സാൽകാർ എം എൽ എ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും നൂറോളം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

 സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങൾ നല്‍കി വരുന്നത്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്‌കാരദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച 2021 ലെ ഗർഷോം പുരസ്‌കാരങ്ങൾ 2022 നവംബർ 20 ന് അസർബൈജാനിലെ ബാക്കുവിലും  2022 ലെ ഗർഷോം പുരസ്‌കാരങ്ങൾ നവംബർ 22 ന് ഗബാലയിലും നടക്കുന്ന ചടങ്ങുകളിൽ വച്ച് സമ്മാനിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x