അബുദബി: അബുദബി റോഡുകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നതിനു ശേഷം വേഗപരിധിയെ സംബന്ധിച്ച ഡ്രൈവര്‍മാരുടെ ആശങ്കകള്‍ക്ക് പരിഹാരമായി റോഡുകളില്‍ പുതിയ വേഗപരിധി ബോര്‍ഡുകള്‍ അധികൃതര്‍ സ്ഥാപിച്ചു. റോഡിലെ പഴയ സൈന്‍ ബോര്‍ഡുകള്‍ നീക്കിയതിനൊപ്പം പുതിയ ബോര്‍ഡുകളുടെ കവറുകള്‍ മാറ്റി. നഗരാതിര്‍ത്തിയിലെയും ഹൈവേകളിലെയും ഗതാഗതം ഇന്നലെ മുതല്‍ സാധാരണ നിലയിലായി. പുതിയ വേഗപരിധി സൂചിപ്പിക്കുന്ന 4096 സ്പീഡ് കണ്‍ട്രോള്‍ പാനലുകളാണ് മാറ്റി സ്ഥാപിച്ചതെന്ന് അബുദബി മുനിസിപ്പാലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ടീം തലവന്‍ അഹ്മദ് മഹ്ഫൂസ് ബാബിദ് അറിയിച്ചു.
പുതിയ വേഗപരിധി പ്രകാരം അബുദബി നഗരാതിര്‍ത്തിയിലെ പ്രധാന റോഡുകളിലെല്ലാം പരമാവധി വേഗം 80 കിലോ മീറ്ററാണിപ്പോള്‍. നേരത്തേ 60 കിലോമീറ്റര്‍ വേഗപരിധി കൂടാതെ 20 കിലോമീറ്റര്‍ മാര്‍ജിന്‍ വേഗവും ലഭിച്ചിരുന്ന റോഡുകളിലാണ് 80 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. ഫലത്തില്‍ മാര്‍ജിന്‍ വേഗത്തോടെ ലഭിച്ചിരുന്ന വേഗമാണ് അബുദബി എമിറേറ്റിലെ 95% റോഡുകളിലെയും പുതിയ വേഗപരിധി.
പ്രധാന റോഡുകളില്‍ നിന്ന് അകലേക്കു പോകുന്തോറും വേഗപരിധിയില്‍ വര്‍ധനയുണ്ട്. നേരത്തേ 100 കിലോമീറ്റര്‍ വേഗപരിധിയുണ്ടായിരുന്ന റോഡുകളില്‍ 120 കിലോമീറ്ററും 120ഉം 140ഉം കിലോമീറ്റര്‍ വേഗപരിധിയുണ്ടായിരുന്ന ഹൈവേകളില്‍ യഥാക്രമം 140ഉം 160ഉം കിലോമീറ്ററുമായി പുതിയ വേഗപരിധി മാറിയിട്ടുണ്ട്. ഇപ്പോള്‍ റോഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അടയാളങ്ങളിലെ വേഗത്തേക്കാള്‍ ഒരു കിലോമീറ്റര്‍ മറികടന്നാല്‍ റഡാര്‍ ക്യാമറയുടെ കണ്ണില്‍ പെടുകയും പിടി വീഴുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.