ദോഹ: ഡ്രൈവ്-ത്രൂ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കേറി തുടങ്ങിയതോടെ ഏതാനും ഹെല്‍ത്ത് സെന്ററുകളില്‍ രണ്ടാമത്തെ ഡോസ് വാക്സിനും നല്‍കി തുടങ്ങി. ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചവരില്‍ പലര്‍ക്കും രണ്ടാമത്തെ ഡോസിനായി ഹെല്‍ത്ത് സെന്ററിലെത്താനുള്ള തീയതിയും സമയവും അനുവദിച്ചുള്ള എസ്എംഎസ് സന്ദേശം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
വാക്സീന്‍ ആദ്യ ഡോസ് മാത്രമാണ് ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും സാധാരണ ലഭിച്ചിരുന്നത്. ഹെല്‍ത്ത് സെന്ററിലെത്തുന്നവരുടെ മൊബൈലില്‍ ഇഹ്തെറാസ് പ്രൊഫൈല്‍ സ്റ്റേറ്റസ് പച്ചയായിരിക്കണം. മാസ്‌ക് ധരിക്കണം. വാക്സിനേഷന്‍ കാര്‍ഡും ഹെല്‍ത്ത് കാര്‍ഡ് അല്ലെങ്കില്‍ ഖത്തര്‍ ഐഡി കൈവശമുണ്ടായിരിക്കണം.
രണ്ടാമത്തെ ഡോസിനു മാത്രമായുള്ള ലുസെയ്ല്‍, അല്‍വക്ര ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ കനത്ത തിരക്കാണ്. തിരക്കേറിയ സമയങ്ങളില്‍ വാക്സിനേഷനായി ഒന്നു മുതല്‍ മൂന്നു മണിക്കൂറുകള്‍ വരെ കാത്തിരിക്കേണ്ടി വരും. ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരമാവധി വേഗത്തില്‍ ആരോഗ്യവിഭാഗം അധികൃതര്‍ വാക്സിനേഷന്‍ റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ വാക്സീന്‍ എടുത്തു തുടങ്ങിയതോടെയാണ് തിരക്കും വര്‍ധിച്ചത്.
നിലവില്‍ ഹെല്‍ത്ത് സെന്ററുകള്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി രാജ്യത്തുടനീളമായി 35 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.