ഓസ്‌ട്രേലിയ: ആസ്ട്രസെനക്ക വാക്സിന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. രാജ്യത്ത് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്ട്രേഷന്റെ (TGA) വിതരണാനുമതി ലഭിച്ച രണ്ടാമത്തെ വാക്സിനാണ് ആസ്ട്രസെനക്ക. ഇതിന്റെ 3,00,000 ഡോസുകള്‍ കഴിഞ്ഞ ദിവസം സിഡ്നിയില്‍ എത്തിയിരുന്നു. ഇവ പരിശോധിച്ച TGA വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ വാക്സിന്‍ വിതരണം തുടങ്ങുന്നത്.
വാക്സിന്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്തു. സൗത്ത് ഓസ്ട്രേലിയയിലാണ് ആസ്ട്രസെനക്ക വാക്സിന്റെ ആദ്യ ഡോസ് വിതരണം ചെയ്യുന്നത്. അഡ്ലൈഡിലെ മുറെ ബ്രിഡ്ജിലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ ആദ്യം നല്‍കുക.
ഇതിനായുള്ള ഡോസുകള്‍ മുറെ ബ്രിഡ്ജിലെത്തി. വാക്സിനേഷന്‍ പദ്ധതി സുരക്ഷിതമായി നടപ്പാക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ടതായി മുറെ ബ്രിഡ്ജ് ആശുപത്രിയിലെ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഡയറക്ടര്‍ ഷാരോണ്‍ ഹാരിസണ്‍ പറഞ്ഞു.
ഫൈസര്‍ വാക്സിനില്‍ നിന്ന് വ്യത്യസ്തമായി, ഫ്രിഡ്ജിലെ താപനിലയില്‍ തന്നെ ഈ വാക്സിന്‍ സൂക്ഷിക്കാം. ഇത് വിതരണം കൂടുതല്‍ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ചകള്‍ക്ക് ശേഷമാണ് രണ്ടാം ഡോസ് നല്‍കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.