Currency

കൂടുതല്‍ വിസ ഇളവുകള്‍: ഓഫ്‌ഷോര്‍ ഫാമിലി വിസകള്‍ ഓസ്‌ട്രേലിയയിലുള്ളവര്‍ക്കും ലഭിക്കും

സ്വന്തം ലേഖകന്‍Monday, November 30, 2020 3:16 pm

ഓസ്‌ട്രേലിയ: കൊവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ കുടിയേറ്റ രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫാമിലി വിസകള്‍ക്കും, ഓണ്‍ഷോര്‍ വിസകള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കും. പാര്‍ട്ണര്‍ വിസകളുടെ എണ്ണം സര്‍ക്കാര്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഓസ്‌ട്രേലിയയില്‍ ഉള്ളവരുടെ അപേക്ഷകള്‍ക്കാണ് ഇതില്‍ മുഖ്യ പരിഗണന.

എന്നാല്‍, വിദേശത്തു നിന്ന് ഫാമിലി വിസകള്‍ക്കായി അപേക്ഷിച്ച ശേഷം താല്‍ക്കാലിക വിസകളില്‍ ഓസ്‌ട്രേലിയയിലെത്തി കുടുംബാംഗങ്ങളോടൊപ്പം കഴിയുന്ന നിരവധി പേരെ ഇത് ബാധിക്കും എന്നായിരുന്നു ആശങ്ക. ഓഫ്‌ഷോര്‍ ഫാമിലി വിസകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് അത് ലഭിക്കണമെങ്കില്‍, വിസ അനുവദിക്കുന്ന സമയത്ത് അവര്‍ ഓസ്‌ട്രേലിയയ്ക്ക് പുറത്തായിരിക്കണം എന്നാണ് വ്യവസ്ഥ. അതായത്, താല്‍ക്കാലിക വിസകളില്‍ ഓസ്‌ട്രേലിയയിലുണ്ടെങ്കില്‍ അപ്പോള്‍ അവര്‍ക്ക് വിസ ലഭിക്കില്ല.

എന്നാല്‍ കൊറോണവൈറസ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിയാത്ത ആയിരക്കണക്കിന് പേരെയാണ് ബാധിച്ചത്. ഓസ്‌ട്രേലിയയില്‍ തന്നെയായതിനാല്‍ അവര്‍ക്ക് ഓഫ്‌ഷോര്‍ വിസ ലഭിക്കില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ പുതിയ ഇളവ് പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയ്ക്ക് പുറത്തുനിന്ന് വിസയ്ക്കായി നേരത്തേ അപേക്ഷിച്ചവര്‍ കൊവിഡ് നിയന്ത്രണം മൂലം ഓസ്‌ട്രേലിയയില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലാണ് ഈ ഇളവ് ലഭിക്കുക.

അടുത്ത വര്‍ഷമായിരിക്കും ഈ മാറ്റം പ്രാബല്യത്തില്‍ വരിക. ഫാമിലി വിസകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ, ലഭിച്ചിട്ടുള്ള ഭൂരിഭാഗം അപേക്ഷകളിലും ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x