മെൽബൺ: പുതിയ കുടിയേറ്റക്കാർക്ക് ആസ്ട്രേലിയയിൽ ലഭിക്കുന്ന വരുമാനം പത്തു വർഷം മുമ്പുള്ളതിനെക്കാൾ കുറവാണെന്ന് പഠന റിപ്പോർട്ട്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കു ലഭിക്കുന്ന ശമ്പളം കുറവായതാണ് ഇതിന് കാരണം. മെൽബൺ ആസ്ഥാനമായുള്ള ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. സ്റ്റുഡന്റ് വിസ ഉൾപ്പെടെ താൽക്കാലിക വിസകളിൽ ആസ്ട്രേലിയയിലെത്തുന്നവർക്ക് പെർമനന്റ് റെസിഡന്റ്സി (പി ആർ) ലഭിക്കുന്നത്തിനുള്ള സാധ്യത കുറഞ്ഞുവരികയാണെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.
സ്റ്റുഡന്റ് വിസകളിലെത്തുന്നതിൽ അഞ്ചിലൊന്ന് വിദ്യാർഥികൾ മാത്രമാണ് ആസ്ട്രേലിയൻ പെർമനന്റ് റെസിഡന്റായി മാറിയത്. താൽക്കാലിക-സ്കിൽഡ് വിസകളിലെത്തുന്നതിൽ പകുതി വിദേശികൾക്ക് മാത്രമാണ് PR ലഭിച്ചത്. ആസ്ട്രേലിയയിലെ പല തൊഴിൽമേഖലകളിലും താൽക്കാലിക വിസകളിലുള്ളവർക്ക്, തൊഴിൽപരിചയം അടിസ്ഥാനമാക്കി PRന് അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊഴിൽ പാത്ത് വേയിൽ നിന്ന് ഇപ്പോൾ പല തൊഴിൽമേഖലകളെയും ഒഴിവാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ താൽക്കാലിക വിസകളിലുള്ളവർക്ക് PR ലഭിക്കാനുള്ള അവസരം വളരെ കുറയുമെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൊവിഡ് മൂലം അതിർത്തി അടയ്ക്കുന്നതിന് മുമ്പുള്ള സമയത്ത് രാജ്യത്തുള്ള രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നുവെന്നും, എന്നാൽ അതിൽ PRന് അവസരം ലഭിച്ചവർ വളരെ കുറവായിരുന്നുവെന്നും ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുടിയേറ്റവിഭാഗം ഡെപ്യൂട്ടി പ്രോഗ്രാം ഡയറക്ടർ ഹെൻറി ഷെറെൽ പറഞ്ഞു.
1996 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ താൽക്കാലിക വിസകളിലുണ്ടായിരുന്ന ഭൂരിഭാഗം പേർക്കും PRന് അപേക്ഷിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
ആസ്ട്രേലിയൻ തൊഴിൽ രംഗത്തുള്ളതിൽ മൂന്നിൽ ഒരാൾ വിദേശത്ത് ജനിച്ചവരാണ്. അഞ്ചിൽ ഒരാൾ PR വിസയിലോ, താൽക്കാലിക വിസയിലോ ആസ്ട്രേലിയയിൽ ജീവിക്കുന്നവരാണ്. തൊഴിൽമേഖലയിൽ ഏഴു ശതമാനവും താൽക്കാലിക വിസകളിലുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു.
ഉന്നത വിദ്യാഭ്യാസമുള്ളവരുടെ എണ്ണം കുടിയേറ്റ വിഭാഗത്തിൽ കൂടി വരുന്നുണ്ട്. കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. ആസ്‌ട്രേലിയയിൽ എത്തിയ ശേഷം ഉന്നത യോഗ്യത നേടിയ വിദേശികളുടെ എണ്ണവും കൂടുന്നുണ്ട്. എന്നാൽ, യോഗ്യതക്ക് അനുസരിച്ചുള്ള വരുമാനം കുടിയേറ്റക്കാർക്ക് ലഭിക്കുന്നില്ല എന്ന കണ്ടത്തലും റിപ്പോർട് പങ്കുവയ്ക്കുന്നു.
ആസ്ട്രേലിയയിൽ ജനിച്ചവർക്കിടയിൽ ബിരുദാനന്തര ബിരുദമുള്ളവരുടെ അനുപാതം പത്തിൽ ഒന്നു മാത്രമാണെങ്കിൽ, അടുത്ത കാലത്ത് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതിൽ നാലിലൊന്ന് പേരും ബിരുദാനന്തര ബിരുദം നേടിയവരാണ്.
ആസ്ട്രേലിയൻ സാമ്പത്തിക രംഗത്തിന് കുടിയേറ്റക്കാർ നൽകുന്ന സംഭാവനകൾ വ്യക്തമാക്കാനും, സർക്കാരിന്റെ നയരൂപീകരണത്തിൽ സഹായിക്കാനുമാണ് ഈ റിപ്പോർട്ട് ശ്രമിക്കുന്നതെന്ന് ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.