വിയന്ന: യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും വേഗത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതില്‍ വിജയിച്ച രാജ്യമാണ് ഓസ്ട്രിയ. അതേസമയം രാജ്യത്ത് വീണ്ടും അണുബാധയുടെ തോത് വളരെയധികം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
രണ്ടാഴ്ച മുമ്പ് പ്രതിദിനം 350 ഓളം കേസുകള്‍ ഉണ്ടായിരുന്നത് ഇതിനകം 850 ലധികമായാതായി ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് രണ്ടാമത്തെ തരംഗത്തിന്റെ തുടക്കമാകാനാണു സാധ്യതയെന്നും ചാന്‍സലര്‍ കുര്‍സ് മുന്നറിയിപ്പ് നല്‍കി. സാമൂഹ്യസമ്പര്‍ക്ക നിയമങ്ങളും, ശുചിത്വവും, വീട്ടില്‍ ഇരുന്ന് ജോലിചെയ്യുന്നതും, മാസ്‌ക് ധരിക്കുന്നതൊക്കെ കൃത്യമായി പാലിച്ചാല്‍ രണ്ടാമത്തെ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷോപ്പുകള്‍, പൊതുഗതാഗതം, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തിങ്കളാഴ്ച മുതല്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഹാളിനുള്ളില്‍ 50 പേര്‍ക്കും പൊതുഇടങ്ങളില്‍ 100 ആളുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. വര്‍ധിക്കുന്ന അണുബാധ കൂടുതലും രേഖപ്പെടുത്തിയിരിക്കുന്നത് തലസ്ഥാനമായ വിയന്നയിലാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം 1,000ലേയ്ക്ക് എത്തുമെന്നാണ് മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് ഇതുവരെ 33,153 പേര്‍ രോഗബാധിതരാകുയും 756 പേര്‍ മരിക്കുകയും ചെയ്തു. നിലവിലെ മരണ നിരക്ക് 2.3 ശതമാനമാണ്. അതേസമയം 80.7 ശതമാനം പേര്‍ റിക്കവര്‍ ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.