ലണ്ടന്‍: ബ്രിട്ടനില്‍ വ്യാഴാഴ്ച മുതല്‍ ഒരു മാസത്തേക്ക് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവശ്യ സര്‍വീസുകളെയും മാത്രമാണ് ലോക്ഡൗണില്‍ നിന്നും ഒഴിവാക്കിയത്. അത്യാവശ്യമല്ലാത്ത ഷോപ്പുകളും ഹോസ്പിറ്റാലിറ്റി സര്‍വീസുകളും പൂര്‍ണമായും നിലയ്ക്കും. ഒട്ടേറെ ഗതാഗത നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ട ലോക്ഡൗണ്‍. ക്രിസ്മസിനു മുമ്പ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ രണ്ടുവരെ നീളുന്ന രണ്ടാമത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്‌കൂളുകള്‍, കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയെ ഒഴിവാക്കിയുള്ള സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ ഇംഗ്ലണ്ടില്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പതിവുപോലെ തുറക്കും. ഹോട്ടലുകള്‍ പബ്ബുകള്‍, റസ്റ്ററന്റുകള്‍ എന്നിവ അടയ്ക്കും. ടെയ്ക്ക് എവേ, ക്ലിക്ക് അന്‍ഡ് കളക്ട് സര്‍വീസ് മാത്രം തുടരും. വ്യത്യസ്ത വീടുകളില്‍നിന്നുള്ള രണ്ടുപേര്‍ക്കേ ഒരുസമയം പുറത്ത് സമയം ചെലവഴിക്കാനാകൂ. ചൈല്‍ഡ് കെയറുമായും രോഗീപരിചരണവുമായും ബന്ധപ്പെട്ട് മാത്രമാകും മറ്റു വീടുകളില്‍ ആളുകള്‍ക്ക് സന്ദര്‍ശനാനുമതി.
ഫാക്ടറികളും കണ്‍സ്ട്രക്ഷന്‍ മേഖലയും മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ശമ്പളത്തിന്റെ 80 ശതമാനം നല്‍കുന്ന ഫര്‍ലോ സ്‌കീം ലോക്ഡൗണ്‍ അവസാനിക്കുന്നതു വരെ തുടരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ നേരത്തെതന്നെ ലോക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുന്ന ബല്‍ജിയം, ഫ്രാന്‍സ്. ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനോടകം പുതിയ രീതിയിലുള്ള ലോക്ഡൗണ്‍ പ്രാബല്യത്തിലാക്കിക്കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.