ബ്രിസ്ബൈന്‍: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ബ്രിസ്ബൈനില്‍ മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതലാണ് ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ഇപ്‌സ്വിച്, ലോഗന്‍, റെഡ്ലാന്‍ഡ്സ്, മോര്‍ട്ടന്‍, ബ്രിസ്ബൈന്‍ കൗണ്‍സില്‍ പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍. ഗ്രെയ്റ്റര്‍ ബ്രിസ്ബൈന്‍ മേഖലയെ പ്രീമിയര്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.
ഇതോടെ ഗ്രെയ്റ്റര്‍ ബ്രിസ്ബൈന്‍ മേഖലയില്‍ ഉള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. ജോലിക്ക്, വ്യായാമത്തിന്, ആരോഗ്യ സംസാരക്ഷണത്തിന്, അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളുവെന്ന് പ്രീമിയര്‍ അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ ഗ്രെയ്റ്റര്‍ ബ്രിസ്ബൈന്‍ മേഖല സന്ദര്‍ശിച്ചവര്‍ ഈ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ബ്രിസ്ബൈനില്‍ ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് സ്‌കൂളുകളും അടച്ചിടും. സംസ്ഥാനത്ത് പടരുന്നത് രൂപമാറ്റം വന്ന യുകെ സ്ട്രെയിന്‍ വൈറസ് ആണെന്നും അതിനാല്‍ മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ അനിവാര്യമാണെന്നും പ്രീമിയര്‍ വ്യക്തമാക്കി.
ബ്രിസ്ബൈനില്‍ വീണ്ടും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗ്രെയ്റ്റര്‍ ബ്രിസ്ബൈന്‍ മേഖലയില്‍ കെട്ടിടത്തിനകത്തും പുറത്തും മാസ്‌ക് ധരിക്കുന്നത് നിര്ബന്ധമാക്കിയതായും അനസ്തഷ്യ പലാഷേ പറഞ്ഞു. ഒറ്റയ്ക്കായിരിക്കുന്ന സാഹചര്യത്തില്‍ ഒഴികെ എല്ലാവരും മാസ്‌ക് ധരിക്കണം. ഇതും തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ നടപ്പാക്കുമെന്നും പ്രീമിയര്‍ അറിയിച്ചു.
ഗ്രെയ്റ്റര്‍ ബ്രിസ്ബൈന്‍ മേഖല ഒഴികെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്നും പ്രീമിയര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.