ടൊറൊന്റോ: കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റിനെയും തുടര്‍ന്ന് വീട്ടില്‍നിന്നു പുറത്തിറങ്ങാനാകാതെ കനേഡിയന്‍ ജനത. പലര്‍ക്കും വീടിന്റെ വാതില്‍ തുറക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. പലയിടത്തും വീടുകള്‍, റോഡുകള്‍, വാഹനങ്ങള്‍ എന്നിവ മഞ്ഞിനടിയിലാണ്. വൈദ്യുതി മുടങ്ങിയതോടെ ചിലയിടങ്ങള്‍ ഇരുട്ടിലാണ്. വാര്‍ത്താ, പ്രക്ഷേപണ സംവിധാനങ്ങളും താറുമാറായി. ന്യൂഫൗണ്ട്ലാന്‍ഡ്, സെന്റ് ജോണ്‍സ്, ലാബ്രഡര്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച ചരിത്രം തിരുത്തിയതോടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ന്യൂഫൗണ്ട്ലാന്‍ഡില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസിലും താഴുകയും മഞ്ഞുവീഴ്ച കനക്കുകയും ചെയ്തതിനുപിന്നാലെ വൈദ്യുതി മുടങ്ങി. ഞായറാഴ്ച രാത്രി മുതല്‍ 10-15 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയാണ് കാലാവസ്ഥ വിഭാഗം പ്രവചിച്ചിരിക്കുന്നത്. സെന്റ് ജോണ്‍സില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.2 സെന്റിമീറ്ററാണ് ഇപ്പോഴത്തെ മഞ്ഞുവീഴ്ച. 1999ലെ 68.4 സെന്റിമീറ്ററായിരുന്നു ഇതുവരെയുള്ള ഏറ്റവും കൂടിയ മഞ്ഞുവീഴ്ച.
സഹായത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി സൈനികര്‍ രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ അവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി ഹര്‍ജിത് സജ്ജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹെര്‍ക്കുലീസ് വിമാനങ്ങളും ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. സൈനികരും ഉദ്യോഗസ്ഥരുമൊക്കെ സജ്ജമാണെങ്കിലും പലയിടത്തേക്കും എത്തിച്ചേരാനാകാത്ത സ്ഥിതിയുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.