ടൊറന്റോ: രാജകീയ അനുമതി ലഭിച്ച പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ ഫെബ്രുവരി ഒന്നുമുതല്‍ കാനഡയില്‍ പ്രാബല്യത്തില്‍വരുമെന്ന് പൊലീസ് അറിയിച്ചു. അശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ ലൈസന്‍സ് സസ്പെന്‍ഷനും കനത്ത പിഴയും ഉള്‍പ്പെടെ ശിക്ഷ അനുഭവിക്കേണ്ടിവരും. തുടര്‍ന്നുള്ള കുറ്റകൃത്യത്തിന്റെ എണ്ണമനുസരിച്ച് ശിക്ഷയുടെ തീവ്രതയും കൂടും. ആദ്യ കുറ്റത്തിനു മൂന്നു ദിവസത്തെ സസ്പെന്‍ഷനും 3,000 ഡോളര്‍ പിഴയും. രണ്ടാമത്തെ കുറ്റത്തിനു ഏഴു ദിവസത്തെ സസ്പെന്‍ഷനും 6,000 ഡോളര്‍ പിഴയും. മൂന്നോ അതിലധികമോ കുറ്റകൃത്യങ്ങളാകുമ്പോള്‍ 30 ദിവസത്തെ സസ്പെന്‍ഷനും 8,000 ഡോളര്‍ പിഴയും ആറു ഡീമെറിറ്റ് പോയിന്റുകളും ശിക്ഷയുടെ ഭാഗമായുണ്ടാകും.
അതേസമയം, റോഡരികില്‍വെച്ച് ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കാന്‍ പൊലീസിനു കഴിയില്ല. ലൈസന്‍സ് പിടിച്ചെടുക്കുന്നതിനു ഒരു ജഡ്ജിയുടെ അനുമതി ആവശ്യമാണ്. കോടതി നടപടിയിലൂടെയാകും ശിക്ഷിക്കുക. വാഹനമോടിക്കുന്നതിനിടെ മെസേജ് അയക്കുന്നതോ ഫോണ്‍ വിളിക്കുന്നതോ മാത്രമല്ല അശ്രദ്ധയോടെയുള്ള ഡ്രൈവിംഗിള്‍ ഉള്‍പ്പെടുക. ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം കൈയില്‍ പിടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ കുറ്റങ്ങളില്‍പ്പെടും.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോഡില്‍നിന്നുള്ള ശ്രദ്ധയെ തിരിക്കുന്ന എന്തും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗിന്റെ കുറ്റങ്ങളില്‍ ഉള്‍പ്പെടാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.