ഒട്ടാവ: സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കാനഡ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പത്തു വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണുള്ളത്. ക്ലാസുകളില്‍ വായു സഞ്ചാരം കൂട്ടാനുള്ള ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളിലുണ്ട്. കാനഡ പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സിയാണ് പൊതുജനാരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കിയത്.
വിവിധ തലങ്ങളിലൂടെ പദ്ധതി നടപ്പാക്കാനാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ശിപാര്‍ശയുള്ളത്. ഗ്രേഡ് നാല് വരെയുള്ള പത്ത് വയസ്സുകാരായ കുട്ടികള്‍ക്ക് മെഡിക്കല്‍ ഇതര മാസ്‌കാണ് അധികൃതര്‍ ശിപാര്‍ശ ചെയ്യുന്നത്. ഗ്രേഡ് നാലിലെ കുട്ടികള്‍ ക്ലാസില്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കണമെന്നാണ് ഒന്റാരിയോ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ തീരെ ചെറിയ കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാമെങ്കിലും അത് നിര്‍ബന്ധമല്ല.
ആല്‍ബര്‍ട്ടയില്‍ ഗ്രേഡ് നാലിലെ കുട്ടികള്‍ക്ക് സ്‌കൂളിലെ പൊതുഇടങ്ങളില്‍ മാസ്‌ക് ആവശ്യമാണെങ്കിലും ക്ലാസുകളില്‍ കുട്ടികള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ മുഖമറ ധരിക്കേണ്ടതില്ല. നോവാസ്‌കോട്ടിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെങ്കിലും ക്ലാസുകളില്‍ ആവശ്യമില്ല. ബ്രിട്ടീഷ് കൊളംബിയയില്‍ ആവശ്യമുള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ മാസ്‌ക് ശിപാര്‍ശ ചെയ്യുന്നുള്ളു. പൊതുവാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന അവസരങ്ങളിലാണ് ബ്രിട്ടീഷ് കൊളംബിയ മാസ്‌ക് ശിപാര്‍ശ ചെയ്യുന്നത്. പൊതുവാഹനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
എന്നാല്‍ അധ്യാപകരും ജീവനക്കാരും മാസ്‌ക്കിന് പുറമേ കണ്ണുകളുടെ സുരക്ഷയ്ക്കായി ഫേസ് ഷീല്‍ഡ് ഉള്‍പ്പെടെയുള്ളവ ധരിക്കണമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.