വിക്ടോറിയ: വിക്ടോറിയയില്‍ തുടര്‍ച്ചയായ 25 ദിവസങ്ങളായി കൊറോണബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സജീവമായിരുന്ന ഒരു കേസ് കൂടി സുഖം പ്രാപിച്ചതോടെ നിലവില്‍ സംസ്ഥാനത്ത് സജീവമായ കേസുകളൊന്നുമില്ല. ഈ വര്‍ഷം ആദ്യമായാണ് വിക്ടോറിയയില്‍ കൊവിഡ് ബാധയില്ലാതാകുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ ഇളവുകള്‍ നടപ്പാക്കും.
മാസ്‌ക് ധരിക്കുന്നതിലാണ് പ്രധാനമായും ഇളവ്. നിലവില്‍ റീറ്റെയ്ല്‍ സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള റീറ്റെയ്ല്‍ സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍, ടാക്‌സി, റൈഡ്‌ഷെയര്‍ സേവനങ്ങള്‍, ഏജ്ഡ് കെയര്‍ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആക്ടിംഗ് പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ അറിയിച്ചു.
വീടുകളില്‍ ദിവസം 100 പേര്‍ക്ക് ഒത്തുചേരാം. ഒരു വീട്ടില്‍ ദിവസം 100 പേര്‍ക്ക് വരെ ഒത്തുകൂടാവുന്ന വിധത്തിലാണ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയത്. മാത്രമല്ല കെട്ടിടത്തിന് പുറത്ത് 200 പേര്‍ക്ക് വരെ ഒത്തുചേരാം.
കൂടുതല്‍ പേര്‍ക്ക് തൊഴിലിടങ്ങളിലേക്ക് മടങ്ങാവുന്നതിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്ന വ്യവസ്ഥയിലായിരിക്കും ഇത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസം തൊഴിലിടങ്ങളില്‍ മടങ്ങിയെത്താം. ജിമ്മുകള്‍, കാസിനോകള്‍, നൈറ്റ്ക്ലബുകള്‍, എന്നിവടങ്ങളില്‍ രണ്ട് ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്ന നിലയിലേക്ക് നിയന്ത്രണത്തില്‍ ഇളവ് വരുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.