അബുദാബി: യുഎഇയില്‍ സിനോഫാം വാക്‌സീന്‍ 2 ഡോസ് എടുത്തവര്‍ക്കും വാക്‌സീന്‍ പരീക്ഷണത്തില്‍ പങ്കാളികളായവര്‍ക്കും വിദേശത്തുപോയി മടങ്ങിവന്നാല്‍ ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഇവര്‍ രാജ്യത്തെത്തിയാല്‍ പിസിആര്‍ ടെസ്റ്റിനു വിധേയമാകണമെന്നു മാത്രം. അതേസമയം ഇവരോടൊപ്പമുള്ള 12-17 വയസ്സുള്ള കുട്ടികള്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
ഗ്രീന്‍ പട്ടികയിലെ രാജ്യങ്ങളില്‍ നിന്നുള്ള 18 വയസ്സിനു താഴെയുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ്, ക്വാറന്റീന്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. 12 വയസ്സിനു താഴെയുള്ളവര്‍ക്കു വിമാനത്താവളത്തിലെ പിസിആര്‍ പരിശോധനയും 10 ദിവസത്തെ ക്വാറന്റീനും സ്മാര്‍ട് വാച്ചും വേണ്ട. 12-17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെങ്കിലും മുതിര്‍ന്നവരെ പോലെ രാജ്യത്ത് എത്തി 6, 12 ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം.
ഗ്രീന്‍ പട്ടികയിലെ രാജ്യക്കാര്‍ക്കു യുഎഇയിലെത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം. പ്രവേശന കവാടത്തില്‍ പിസിആര്‍ പരിശോധനയുണ്ടാകും. അതേസമയം വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും പിസിആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം.
ഗ്രീന്‍പട്ടികയില്‍ ഇല്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യക്കാര്‍ക്ക് അബുദാബിയിലേക്കു വരാന്‍ ഐസിഎ ഗ്രീന്‍ സിഗ്‌നല്‍ നിര്‍ബന്ധമാണ്. അബുദാബിയില്‍ 10 ദിവസം ക്വാറന്റീനുണ്ടാകും. കൂടാതെ തുടര്‍ച്ചയായി അബുദാബിയില്‍ തങ്ങുന്നവര്‍ 6, 12 ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റ് എടുക്കണം. 12-17 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കും ഇതു ബാധകം. 12നു താഴെയുള്ളവര്‍ക്കു പിസിആര്‍ ടെസ്റ്റ് വേണ്ട. 10 ദിവസത്തെ ക്വാറന്റീന്‍ വേണം. 17 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സ്മാര്‍ട് വാച്ച് വേണ്ട.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.