Currency

ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉപയോഗം അപകടകരമെന്നു ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ മലയാളി ശാസ്ത്രജ്ഞൻ ഡോ. എൻ വി രാജേഷ്‌ കുമാർ

സ്വന്തം ലേഖകൻTuesday, April 14, 2020 10:40 pm
Dr-Rajesh-Kumar---John-Hopkins

ഹൈഡ്രോക്സിക്ലോറോക്വിനും, ക്ലോറോക്വിനും ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ മലയാളി ശാസ്ത്രജ്ഞൻ ഡോ. എൻ വി രാജേഷ്‌ കുമാർ പറഞ്ഞു. ഈ മരുന്ന് പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന മെറ്റഫോമിൻ എന്ന മരുന്നിനൊപ്പം ഉപയോഗിക്കുന്നത് ഹൃദയ സ്‌തംഭനത്തിനും പെട്ടെന്നുള്ള മരണത്തിനും ഇടയാക്കുമെന്ന് തന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞിട്ടുള്ളതാണെന്നു ഡോ. രാജേഷ്‌ കുമാർ അറിയിച്ചു.

പാൻക്രിയാസ് ക്യാൻസർ രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി 2012 ൽ ഹൈഡ്രോക്സിക്ലോറോക്വിൻ, ക്ലോറോക്വിൻ, മെറ്റഫോമിൻ എന്നിവ ഉപയോഗിച്ചു എലികളിൽ ഗവേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടുകൾ “ക്ലിനിക്കൽ ക്യാൻസർ റിസർച്ച്”, “ക്യാൻസർ ഡിസ്‌കവറി” ജേർണലുകളിൽ പ്രസിഡികരിച്ചിട്ടുണ്ട്. എന്നാൽ ഹൈഡ്രോക്സി ക്ലോറോക്വിനോ അല്ലെങ്കിൽ ക്ലോറോക്വിനോ ഡയബറ്റിക്‌സിനു ഉപയോഗിക്കുന്ന മെറ്റഫോമിൻ എന്ന മരുന്നിനൊപ്പം ഉപയോഗിക്കുമ്പോൾ 30 മുതൽ 40 ശതമാനം വരെ മരണം സംഭവിക്കുന്നതിനു ഇടയാക്കുമെന്നാണ് കണ്ടെത്തിയത്. പഠന റിപ്പോർട്ട് BioRxiv ന്റെ സയന്റിഫിക് പ്രീ-പ്രിന്റ് സെർവർ ഓൺലൈനിൽ (https://www.biorxiv.org/content/10.1101/2020.03.31.018556v1) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാൻക്രിയാസ് ക്യാൻസർ രോഗ ചികിത്സയുമായി ബന്ധപ്പെടാത്തതായതിനാൽ ഈ കണ്ടെത്തൽ മുൻപ് പ്രസിദ്ധീകരണത്തിന് നല്കിയിരുന്നില്ലെന്നു ഡോ. രാജേഷ് കുമാർ പറഞ്ഞു. എന്നാൽ കൊറോണ രോഗം നിയത്രണാതീതമാവുകയും ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുവാൻ അമേരിക്കൻ പ്രസിഡന്റ് തന്നെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ ഫലം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗം വർദ്ധിച്ചുവന്നിട്ടുണ്ട്‌. പ്രമേഹത്തിനുള്ള മെറ്റഫോമിൻ മരുന്ന് ഹൈഡ്രോക്സിക്ലോറോക്വിനോ, ക്ലോറോക്വിനോ ആയി സംയോജിപ്പിക്കുമ്പോൾ വിഷാംശം ആകാനുള്ള സാധ്യതയുള്ളതിനാൽ പ്രമേഹ രോഗികൾ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്. അമേരിക്ക, ബ്രസീൽ, നൈജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിച്ചു sudden cardiac arrest ഉണ്ടായി മരിക്കുന്നവരുടെ എണ്ണം വർധിച്ചുവന്നതോടെ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നത് ഒഴിവാക്കണമെന്നു ശാസ്ത്രലോകത്തുനിന്നു മുറവിളി ഉയർന്നിരുന്നു. ഇന്ത്യയിൽ ആസമിലും ഹൈഡ്രോക്സിക്ലോറോക്വിൻ കഴിച്ചതിനെത്തുടർന്നു ഹൃദയ സ്തംഭനമുണ്ടായി ഡോക്ടർ മരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഡോ. എൻ വി രാജേഷ് കുമാറിന്റെ 2012 ലെ കണ്ടുപിടുത്തം ലോകശ്രദ്ധ ആകർഷിച്ചത്.

അമേരിക്കയിലെ മെരിലാൻഡിൽ സ്ഥിരതാമസമാക്കിയ ഡോ. എൻ വി രാജേഷ്‌കുമാർ പാൻക്രിയാറ്റിക് ക്യാൻസർ രോഗത്തിനെതിരെ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. പാൻക്രിയാസ് ക്യാന്സറിന് നിലവിൽ ഏറ്റവും ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ച ഗവേഷണ ടീം അംഗം കൂടിയാണ്  ഡോ. എൻ വി രാജേഷ്‌കുമാർ.

2016 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാര ജേതാവായ ഡോ. രാജേഷ്‌കുമാറിന്റെ ജനനവും പഠനവുമെല്ലാം എറണാകുളത്തായിരുന്നു. മാലിയങ്കര സ്വദേശിയാണ് ഡോ. എൻ വി രാജേഷ്‌ കുമാർ.

 

Hydroxychloroquine may be toxic when combined with Diabetes Drug- N V Rajesh Kumar Scientist Johns Hopkins University


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x