ദുബായ്: കോവിഡ് ബാധിതര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. രോഗികള്‍ ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വാക്‌സിനെടുക്കാം. ഫൈസര്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും സ്വീകരിക്കാമെന്ന് ഡി.എച്ച്.എ വ്യക്തമാക്കി.
കോവിഡ് ബാധിച്ചവര്‍ മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതി എന്നായിരുന്നു നേരത്തേയുള്ള മാര്‍ഗനിര്‍ദേശം. എന്നാല്‍, രോഗലക്ഷണമില്ലാതിരുന്നവരും നേരിയ ലക്ഷണങ്ങള്‍ മാത്രമുണ്ടായിരുന്നതുമായ കോവിഡ് ബാധിതര്‍ക്ക് ഐസൊലേഷന്‍ കാലാവധി പിന്നിട്ടാല്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഡി. എച്ച്.എ സി.ഇ.ഒ ഡോ. ഫരീദ് അല്‍ ഖാജ അറിയിച്ചു. എന്നാല്‍, കടുത്ത രോഗലക്ഷണമുണ്ടായിരുന്നവരും, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് വാക്‌സിനെടുക്കേണ്ടത്. അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
കൂടുതല്‍ പേരെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഫൈസര്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും സ്വീകരിക്കാം. ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.