അബുദാബി: ഒരു വര്‍ഷത്തെ ഇലേണിങിലെ പോരായ്മ പരിഹരിക്കാന്‍ പദ്ധതികളുമായി അബുദാബിയിലെ സ്കൂളുകള്‍ രംഗത്ത്. വിവിധ വിഷയങ്ങളില്‍ ഓരോ അധ്യായങ്ങളുടെയും റിവിഷനും പരീക്ഷയും നടത്തുന്നതിനു പുറമേ പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്ലാസുകളും നല്‍കിയാണു കുട്ടികളെ സജ്ജരാക്കുന്നത്.
വാരാന്ത്യങ്ങളിലും പ്രവൃത്തി ദിനങ്ങളിലെ ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിലുമാണ് അധിക ക്ലാസ് സജ്ജീകരിച്ചിരിക്കുന്നത്. പഠന വൈകല്യമുള്ളവര്‍ക്കും വിവിധ കാരണങ്ങളാല്‍ ക്ലാസില്‍ ഹാജരാകാത്തവര്‍ക്കും വൈകി അഡ്മിഷന് നേടിയവര്‍ക്കും ഈ ക്ലാസുകള്‍ പ്രയോജനപ്പെടുത്താം. ഏതു വിഷയങ്ങളിലും ഭാഗങ്ങളിലുമാണ് വിദ്യാര്‍ഥികള്‍ക്ക് വിശദീകരണവും സംശയനിവാരണവും വേണ്ടതെങ്കില്‍ അതനുസരിച്ച് സൗകര്യം ഒരുക്കാന്‍ അധ്യാപകര്‍ക്കു നിര്‍ദേശം നല്‍കിയതായി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു.
ഉപരിപഠനത്തിനു കോട്ടം തട്ടാതിരിക്കാനാണ് അധിക ക്ലാസിലൂടെ കുട്ടികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. ഇലേണിങില് ഓരോ കുട്ടികളുടെയും കഴിവുകളും പോരായ്മകളും കൃത്യമായി മനസ്സിലാക്കാന്‍ പ്രയാസമാണെന്നും പിന്തുണ വേണ്ട കുട്ടികളും രക്ഷിതാക്കളും അതത് ക്ലാസ് ടീച്ചറെയാണു ബന്ധപ്പെടേണ്ടതെന്നും പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.