ദുബായ്: തൊഴില്‍ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധികാലം മുതലെടുത്ത് ഇല്ലാത്ത കമ്പനികളുടെ പേരില്‍ തൊഴില്‍ വാഗ്ദാനവുമായി തട്ടിപ്പു സംഘം രംഗത്തുണ്ട്. രേഖകള്‍ പൂര്‍ണമായും ഉറപ്പു വരുത്താതെ തട്ടിപ്പുസംഘത്തിന്റെ മോഹന വാഗ്ദാനങ്ങളില്‍ വീഴരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികള്‍ക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി അറിയാന്‍ കൃത്യമായ സംവിധാനം നിലവിലുണ്ടെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുവടെയുള്ള പ്രവാസി ഭാരത സഹായ കേന്ദ്രം മുഖേന തൊഴില്‍ വാഗ്ദാനം പരിശോധിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോര്‍മാറ്റില്‍ പി.ബി.എസ്.കെ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ മാത്രം മതി. കോണ്‍സുലേറ്റ് അധികൃതര്‍ നിജസ്ഥിതി പരിശോധിച്ച് ഉദ്യോഗാര്‍ഥികളെ വിവരം അറിയിക്കുമെന്ന് കോണ്‍സല്‍ സിദ്ധാര്‍ഥ കുമാര്‍ ബറെയ്ലി വ്യക്തമാക്കി.
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ധാരാളം പേരാണ് തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നത്. ഈ സാഹചര്യത്തില്‍ പി.ബി.എസ്.കെ ആപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.