അസർബൈജാൻ (ബാക്കു): കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവച്ച 2021 ലെ ഗർഷോം രാജ്യാന്തര പുരസ്കാരദാനച്ചടങ്ങു അസർബൈജാനിലെ ബാക്കുവിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. നവംബർ 20 ഞായറാഴ്ച രാത്രി 7 ന് ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന 16 – മത് ഗർഷോം രാജ്യാന്തര പുരസ്കാരദാന ചടങ്ങിൽ മൊറോക്കോ അംബാസിഡർ മൊഹമ്മദ് ആദിൽ എമ്പാഷ്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
യു എ ഇ യിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹറൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്നിക്കൽ അഡ്വൈസറുമായ സജി മാർക്കോസ്, ഗോവയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ സൂസൻ ജോസഫ്, നോർവേയിലെ അജിലിറ്റി സബ്‌സീ ഫാബ്രിക്കേഷൻ വൈസ് പ്രസിഡന്റ് എബ്ജിൻ ജോൺ എന്നിവർ 2021 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ബെംഗളൂരു നോർത്ത് സർവകലാശാല സിൻഡിക്കറ്റ് അംഗം ജയ്‌ജോ ജോസഫ്, മുൻ കർണാടക എം എൽ എ ഐവാൻ നിഗ്ലി, ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നൂറോളം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. മുൻ വർഷങ്ങളിൽ, 23 രാജ്യങ്ങളിൽ നിന്നുള്ള 78 പ്രവാസി മലയാളികൾക്കും 11 മലയാളി സംഘടനകൾക്കും 2 പ്രവാസി മലയാളി സംരംഭങ്ങൾക്കും ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ മുൻ ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.