ഒട്ടാവ: അത്യാവശ്യമല്ലാത്ത രാജ്യാന്തര യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്മാരോട് നിര്‍ദേശിച്ച് കനേഡിയന്‍ സര്‍ക്കാര്‍. രാജ്യത്ത് കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ സ്‌ക്രീനിങ് കര്‍ശനമാക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളും പരിഗണിക്കുന്നുണ്ട്.
കാനഡക്കു പുറത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയോ നീട്ടിവെക്കുകയോ വേണമെന്ന് മുഖ്യ പൊതുജനാരോഗ്യ ഉദ്യോഗസ്ഥ തേരേസ ടാം അഭ്യര്‍ഥിച്ചു. പ്രായമേറിയവരോടും ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ ചികിത്സകള്‍ തുടരുന്നവരോടുമാണ് പ്രത്യേകം ഇക്കാര്യം നിര്‍ദേശിക്കുന്നത്. കാനഡയിലേക്കുള്ള രാജ്യാന്തര വിമാനങ്ങളുടെ സര്‍വീസ് നിയന്ത്രിക്കുമെന്ന് ഗതാഗത മന്ത്രി മാര്‍ക് ഗാര്‍ന്യൂ പറഞ്ഞു. ഏതാനും വിമാനത്താവളങ്ങളില്‍ മാത്രമായിട്ടായിരിക്കും രാജ്യാന്തര സര്‍വീസുകള്‍ പരിമിതപ്പെടുത്തുക. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരികയാണ്.
സാധാരണ ഏപ്രിലില്‍ തുടങ്ങുന്ന ക്രൂയിസ് സീസണ്‍ ജൂലൈ ആദ്യവാരത്തിലേക്കു മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ സമയം കഴിയുംവരെ അഞ്ഞൂറിലധികം യാത്രക്കാരുള്ള ക്രൂയിസ് കപ്പലുകള്‍ക്ക് കാനഡയില്‍ നിര്‍ത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പാര്‍ലമന്റ് ഏപ്രില്‍ 20 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.