വിക്ടോറിയ: ഏപ്രില്‍ എട്ട് മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ആക്ടിംഗ് പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ അറിയിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ 800 പേരെയാണ് വിദേശത്തു നിന്ന് സംസ്ഥാനത്തേക്ക് അനുവദിക്കുന്നത്. പിന്നീട് ക്വാറന്റൈന്‍ ഹോട്ടലിന്റെ വെന്റിലേഷന്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ആഴ്ചയില്‍ 1,120 പേരെ അനുവദിക്കുമെന്നും ജെയിംസ് മെര്‍ലിനോ പറഞ്ഞു.
വിമാനങ്ങള്‍ അനുവദിക്കുന്നതോടൊപ്പം സംസ്ഥാനത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ പദ്ധതിയും പുനരാരംഭിക്കും. ഹോട്ടലില്‍ നിന്ന് സമൂഹത്തിനിടയില്‍ വൈറസ് ബാധിക്കുന്നത് തടയാനുള്ള കര്‍ശന നടപടികള്‍ നടപ്പാക്കികൊണ്ടാണ് പദ്ധതി പുനരാരംഭിക്കുന്നത്. അടുത്ത രണ്ടാഴ്ചയിലാണ് ഹോട്ടല്‍ ക്വാറന്റൈന്‍ പദ്ധതി പുനരാരംഭിക്കുന്നത്.
വിക്ടോറിയയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെയാണ് വിദേശത്തു നിന്ന് സംസ്ഥാനത്തേക്കെത്തുന്ന വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തുടര്‍ച്ചയായ 27 ദിവസങ്ങളായി സംസ്ഥാനത്ത് സജ്ജീവമായ കൊവിഡ് കേസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ക്വാറന്റൈന്‍ സമയത്ത് യാത്രക്കാരുടെ പരിശോധന നാല് തവണയാക്കിയുയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍ ഹോട്ടലില്‍ N95 മാസ്‌കുകളുടെ ഉപയോഗവും വര്‍ധിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.