അനധികൃത കയ്യേറ്റം നടത്തി നിര്‍മിച്ച കെട്ടിടങ്ങളെ സംബന്ധിച്ച അന്വേഷണത്തിലാണ് ചില റോഡുകളും കനാല്‍ കയ്യേറി നിര്‍മിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത്
അനധികൃത കയ്യേറ്റം നടത്തി നിര്‍മിച്ച കെട്ടിടങ്ങളെ സംബന്ധിച്ച അന്വേഷണത്തിലാണ് ചില റോഡുകളും കനാല്‍ കയ്യേറി നിര്‍മിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത്. ബി.ബി.എം.പി. നടത്തിയ സര്‍വേയിലാണ് പല റോഡുകളും കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്ന് വ്യക്തമായത്. 244 റോഡുകളാണ് ബി.ബി.എം.പി.യുടെ പരിധിയില്‍ കനാല്‍ കയ്യേറി നിര്‍മിച്ചവ. ഇത്തരം റോഡുകള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചിടാനാണ് സാധ്യത.
പാവപ്പെട്ടവരുടെ മാത്രം വീടുകളാണ് പൊളിക്കുന്നതെന്ന വിമര്‍ശനം വന്നപ്പോള്‍ തന്നെ പല പ്രമുഖരുടെയും കെട്ടിടങ്ങള്‍ ബി.ബി.എം.പി. പൊളിച്ചു കളഞ്ഞിരുന്നു. ഇത് കൂടാതെ ഇങ്ങനെ നിര്‍മിച്ച ബി.ബി.എം.പി.യുടെ തന്നെ ഓഫീസുകളും പൊളിക്കുകയുണ്ടായി. അതിനാല്‍ റോഡുകളുടെ കാര്യത്തിലും മാറ്റമുണ്ടാകില്ലെന്ന് കമ്മീഷണര്‍ മഞ്ജുനാഥ് പറഞ്ഞു.
റവന്യൂ വിഭാഗത്തിലെ 27 സര്‍വേയര്‍മാരുടെ സഹായത്തോടെയാണ് ഇത്തരം റോഡുകള്‍ കണ്ടെത്തിയത്. യെലഹങ്ക, രാജരാജേശ്വരി നഗര്‍, ബെന്നാര്‍ഗട്ട റോഡ്, ബൊമ്മനഹള്ളി എന്നിവിടങ്ങളിലെ മിക്കവാറും റോഡുകളും നിര്‍മിച്ചിരിക്കുന്നത് കനാല്‍ കയ്യേറിയാണ്.
അധികൃതര്‍ ഇത്തരം റോഡുകള്‍ക്കെതിരെ കണ്ണും പൂട്ടി നടപടിയെടുക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഗതാഗത പ്രശ്നങ്ങളിലേക്ക് വഴി വക്കാനിടയുണ്ട്. പ്രധാന റോഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും.
കനാല്‍ കയ്യേറി കെട്ടിടങ്ങളും റോഡുകളും മറ്റും നിര്‍മിക്കാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെയും ബി.ബി.എം.പി. വെറുതെ വിടില്ല. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് വരെയുള്ള വിവിധ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. കയ്യേറ്റങ്ങള്‍ പരിശോധിക്കാനായി സര്‍ക്കാര്‍ ഏല്‍പിച്ച കമ്മിറ്റി ഡിസംബറില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.