സിഡ്നി: ഇന്ത്യന്‍ യുവതി സിഡ്‌നിയില്‍ കൊല ചെയ്യപ്പെട്ടത് സാമ്പത്തിക ലക്ഷ്യത്തോടെയായിരുന്നെന്നു സംശയിക്കുന്നതായി ഇന്ത്യന്‍ മാധ്യമങ്ങൾ. രണ്ടു വർഷം മുൻപാണ് ഇന്ത്യന്‍ യുവതി പ്രഭ അരുണ്‍ കുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപരിചതന്റെ കത്തികുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് ന്യൂ സൗത്ത് വെയില്‍സ് പോലീസ് നിശബ്ദത പാലിക്കുന്നതായി ആരോപണം ശക്തമായ സാഹചര്യത്തിലാണ് കൊല നടത്തിയത് സാമ്പത്തിക ലക്ഷ്യം മുൻനിർത്തി അടുത്ത ബന്ധുവാണെന്ന സംശയം ഡെക്കാൻ ഹെറാൾഡ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാരമട്ട പാര്‍ക്കില്‍വച്ച് 2015 മാര്‍ച്ച് ഏഴിനായിരുന്നു പ്രഭ കുത്തേറ്റു വീണത്. കമ്പ്യൂട്ടര്‍ വിദഗ്ധയായിരുന്ന 41 കാരിയായ പ്രഭ ജോലികഴിഞ്ഞ് രാത്രിയോടെ ഇന്ത്യയിലുള്ള ഭര്‍ത്താവ് അരുണ്‍കുമാറുമായി മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു.
നേരത്തെ, കേസന്വേഷണത്തിന്റെ ഭാഗമായി കുറ്റാന്വേഷകരുടെ ഒരു സംഘം ഇന്ത്യയിലെത്തിയിരുന്നു. ബാംഗളൂരിലുള്ള പ്രഭയുടെ ഭര്‍ത്താവില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ലോക്കല്‍ പോലീസുമായി നടത്തിയ ചര്‍ച്ചയില്‍, കൊലപാതകത്തിനു പിന്നില്‍ അടുത്ത ഒരു ബന്ധുവാണെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
ഓസ്‌ട്രേലിയന്‍ പൗരത്വമെടുക്കുവാനുള്ള പ്രഭയുടെ തീരുമാനം കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നതായും ഇത് വഴക്കില്‍ അവസാനിക്കുകയും ചെയ്തതായി അന്വേഷണസംഘം പറഞ്ഞു. ഇതാകാം കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഓസ്‌ട്രേലിയന്‍ അന്വേഷണസംഘം വിലയിരുത്തുന്നു.
കുടുംബസ്വത്ത് സംബന്ധിച്ച് ഒരു കുടുംബാംഗത്തിന് പ്രഭയോട് അനിഷ്ടമുണ്ടായിരുന്നു. കുടുംബസ്വത്ത് ഭാഗംവയ്ക്കുമ്പോള്‍ പ്രഭ അവകാശം ഉന്നയിക്കുന്നത് ഒരു ഉപദ്രവമാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഇന്ത്യൻ എക്സ്പ്രെസ്സ് അടക്കമുള്ള മാധ്യമങ്ങളിലും പ്രഭയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ വാസ്തവമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പ്രഭ അരുണ്‍കുമാറിന്റെ മരണത്തിനു പിന്നിലെ ഉദ്ദേശലക്ഷ്യം അവ്യക്തമാണെന്നാണ് പോലീസ് വക്താവ് പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.