Currency

താമസയിടം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ല; ആവര്‍ത്തിച്ച് സൗദി മന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, December 29, 2020 5:23 pm

റിയാദ്: രാജ്യത്ത് വിദേശ തൊഴിലാളികളുടെ താമസയിടം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് സൗദി മന്ത്രാലയം. തൊഴിലാളികളുടെ താമസ കേന്ദ്രം ഈജാര്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനാണ് മന്ത്രലയം സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് മുന്നറിയിപ്പ് ആവര്‍ത്തിച്ചത്.

രാജ്യത്ത് തങ്ങുന്ന വിദേശ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ ഈജാര്‍ പോര്‍ട്ടല്‍ വഴി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയത്. സ്വകാര്യ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ കെട്ടിട ഉടമയുമായുണ്ടാക്കുന്ന കരാറാണ് ഈജാര്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് തൊഴിലാളിയുടെ ഇഖാമയുമായും ബന്ധിപ്പിക്കും.

നടപടി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്ക് ഇഖാമ അനുവദിക്കുകയോ പുതുക്കി നല്‍കുകയോ ചെയ്യില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമം ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് മുന്നറിയിപ്പ് ആവര്‍ത്തിച്ച് മന്ത്രാലയം രംഗത്തെത്തിയത്. 2018 ലാണ് ഈജാര്‍ രജിസ്ട്രേഷന്‍ പദ്ധതി ആദ്യമായി രാജ്യത്ത് ആരംഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x